ലക്‌നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് 52 പെണ്‍കുട്ടികളെ ലക്‌നൗവിലെ മദ്രസയില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. ലക്‌നൗവിലെ യസീന്‍ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്‍ കുബ്രയെന്ന മദ്രസയിലാണ് പെൺകുട്ടികൾക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്. അഞ്ചിനും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്. ബിഹാര്‍, നേപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.

സംഭവത്തിൽ മദ്രസ മാനേജറായ തായബ് സിയ അഷ്‌റഫിനെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമം 376, 354, 323 വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അഷ്റഫിനെ റിമാൻഡ് ചെയ്തു. പെണ്‍കുട്ടികളില്‍ ഭൂരിപക്ഷം പേരെയും സ്ത്രീസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. 10 പേരെ ബന്ധുക്കള്‍ക്കൊപ്പമാണ് വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു.

അഞ്ച് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനേജറെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ‘കയ്യും കാലും പുറവും മസാജ് ചെയ്യാന്‍ പറഞ്ഞ് മാനേജര്‍ പെണ്‍കുട്ടികളെ സ്ഥിരമായി പീഡിപ്പിക്കാറുണ്ട്.’ എന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. ഈ മദ്രസ യുപി മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ ബലെന്തു ദ്വിവേദി പറഞ്ഞു.

തങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ് എന്നാരോപിച്ച് പെണ്‍കുട്ടികള്‍ പുറത്തേക്ക് സ്ലിപ്പുകള്‍ എറിഞ്ഞെന്ന് പറഞ്ഞ് ഒരു സംഘം പ്രദേശവാസികള്‍ തങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് എസ്.എസ്.പി ദീപക് കുമാര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് പൊലീസും ജില്ലാ ഭരണകൂടവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉദ്യോഗസ്ഥരുമടങ്ങിയ സംഘം മദ്രസ സന്ദര്‍ശിക്കുകയായിരുന്നു. രാത്രി 11 മണിയോടെ ഇവര്‍ മദ്രസ റെയ്ഡ് ചെയ്യുകയും 52 പെണ്‍കുട്ടികളെ രക്ഷിക്കുകയുമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ