ന്യൂഡല്‍ഹി: രത്ന വ്യാപാരിയായ നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപ തട്ടിച്ച് രാജ്യം വിട്ടത് രാജ്യം മുഴുവന്‍ ചര്‍ച്ചയും കോലാഹലവും ഉണ്ടാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറും മുന്‍ സര്‍ക്കാരും പരസ്പരം പഴി ചാരുമ്പോള്‍ പണം എങ്ങനെയും തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിശദീകരണം.

എന്നാല്‍ അരനൂറ്റാണ്ട് മുമ്പ് പിഎന്‍ബിയില്‍ നിന്നും വായ്പയായി 5000 രൂപ എടുത്ത മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കടം കുടുംബം അദ്ദേഹത്തിന്റെ മരണശേഷം വീട്ടിയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സംസാരവിഷയം. 1965ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഒരു ഫിയറ്റ് കാര്‍ വാങ്ങാനാണ് വായ്പയെടുത്തത്. ബാങ്കില്‍ 7000 രൂപ ഉണ്ടായിരുന്നെങ്കിലും 12,000 രൂപയാണ് അന്ന് ഫിയറ്റിന് വില. അത്കൊണ്ട് 5000 രൂപ വായ്പയ്ക്ക് അപേക്ഷിച്ച അന്നേ ദിവസം തന്നെ ബാങ്ക് പണം നല്‍കി.

ഇതേ വേഗതയില്‍ തന്നെ സാധാരണക്കാര്‍ക്കും വായ്പ അനുവദിക്കണമെന്നാണ് അന്ന് അദ്ദേഹം ബാങ്കിനോട് ആവശ്യപ്പെട്ടത്. പിന്നീട് 1966ല്‍ വായ്പ തിരിച്ചടയ്ക്കും മുമ്പ് അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ശാസ്ത്രിയുടെ ഭാര്യയായ ലളിത ശാസ്ത്രിയ്ക്ക് വായ്പ അടക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ കുടുംബ പെന്‍ഷനില്‍ നിന്നും പണമെടുത്ത് മാസാമാസം പണമടച്ച് തീര്‍ക്കുകയായിരുന്നു.

ഇതിന്റെ കഥയും അന്ന് ശാസ്ത്രി വാങ്ങിയ കാറിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. കോണ്‍ഗ്രസ് എംപി ശശി തരൂരും ഈ കഥ ഷെയര്‍ ചെയ്തിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ ആദര്‍ശ് ശാസ്ത്രി സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. 1964 മോഡല്‍ ഫിയറ്റ് കാറായിരുന്നു അന്ന് അദ്ദേഹം വാങ്ങിയത്. അത് ഇപ്പോഴും ഡല്‍ഹിയിലുളള അദ്ദേഹത്തിന്റെ സ്മാരകത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ