ന്യൂഡൽഹി: ഇന്ത്യയിലെമ്പാടുമുളള വിവിധ ഐഐടിയിലെ 50 പൂർവ്വ വിദ്യാർത്ഥികൾ അവരുടെ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ദലിത്, ആദിവാസി, മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ ആവശ്യങ്ങൾക്കായി പോരാടാനാണ് പുതിയ പാർട്ടി രൂപീകരിച്ചത്. ബഹുജൻ ആസാദ് പാർട്ടി എന്ന പേരിട്ടിട്ടുളള ഈ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അപേക്ഷ നൽകിയിരിക്കുകയാണ്.
വിവിധ ഐഐടികളിൽ നിന്നുളള 50 പേരും പൂർണ സമയ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടിയുടെ അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം തന്നെ പാർട്ടി രൂപീകരിക്കാനുളള താഴെ തട്ടിലുളളപ്രവർത്തനങ്ങൾ നടത്തുന്നതായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, 2015ൽ ഡൽഹി ഐഐടി വിദ്യാർത്ഥിയായിരുന്ന നവീൻ കുമാർ പറഞ്ഞു.
തിടുക്കം കാണിച്ച് വലിയ ആഗ്രഹങ്ങളുളള ചെറിയൊരു രാഷ്ട്രീയപാർട്ടിയായി അവസാനിക്കാൻ ആഗ്രഹിക്കുന്നില്ല. 2020 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ മൽസരിക്കും. അതിന് ശേഷമായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലേയ്ക്ക് മൽസരിക്കുകയെന്ന് നവീൻ കുമാർ പറഞ്ഞു. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങളിൽ ഭൂരിപക്ഷവും.
പാർട്ടി അതിന്റെ സോഷ്യൽ മീഡിയാ ക്യാംപെയിൻ തുടങ്ങി കഴിഞ്ഞു. ബി.ആർ.അംബേദ്കർ, സുബാഷ് ചന്ദ്ര ബോസ്, എ.പി.ജെ.അബ്ദുൾ കലാം എന്നിവരുൾപ്പടെയുളളവരുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് പോസ്റ്ററുകൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞാൽ ഞങ്ങൾ താഴെ തട്ടിൽ യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും. ഞങ്ങൾ ഏതെങ്കിലും പാർട്ടിയെയോ ആശയത്തെയോ ശത്രുവായികണ്ട് രംഗത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് നവീൻ കുമാർ പറഞ്ഞു.
രാഷ്ട്രീയ നേതൃത്വങ്ങളിൽ ഐഐടിയിൽനിന്നും മറ്റ് എൻജിനയറിങ് പശ്ചാത്തലമുളളവരും എത്തിയിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷ്, ലോക്‌ദളിന്റെ അജിത് സിങ്, കേന്ദ്രസഹമന്ത്രി ജയന്ത് സിൻഹ എന്നിവർ അവരിൽ ചിലരാണ്.
പുതിയ പാർട്ടി വരുന്നത് ഐഐടി ഖരഗ്‌പൂരിൽ നിന്നുളള പൂർവ്വവിദ്യാർത്ഥിയായിരുന്ന ഡൽഹി മുഖ്യമന്ത്രി അരിവന്ദ് കേജ്‌രിവാൾ ആം ആദ്മി പാർട്ടി രൂപീകരിച്ച് വർഷങ്ങൾക്കുശേഷമാണ്. അദ്ദേഹത്തിന്റെ പാർട്ടി രണ്ട് തവണ ഡൽഹിയിൽ അധികാരത്തിൽ വന്നു. മറ്റൊരു മുൻ ഐഐടി വിദ്യാർത്ഥിയായ നന്ദൻ നിലേക്കനി 2014ൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലേയ്ക്ക് മൽസരിച്ചിരുന്നു.