അബൂജ: നൈജീരിയയിൽ ചാവേർ ബോംബ് ആക്രമണത്തിൽ 50 പേർ മരിച്ചു. നൈജീരിയയുടെ കിഴക്കൻ സ്റ്റേറ്റായ അഡമാവയിലെ മുബിയിലായിരുന്നു സംഭവം. പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിയിൽ പ്രാർഥന നടക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
കൗമാരക്കാരനാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് പൊലീസ് വക്താവ് അറിയിച്ചു. മരണസംഖ്യ കൂടാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് വക്താവ് ഒത്മാൻ അബൂബക്കർ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ബൊക്കോ ഹറാം ആണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ.