കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിലിഗുരിയില്‍ 24 മണിക്കൂറിനിടെ അമ്പതോളം പരുന്തുകള്‍ ചത്തൊടുങ്ങി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുളള നഗരങ്ങളിലൊന്നാണ് സിലിഗുരി. മാലിന്യം തിന്നുന്നത് കൊണ്ട് തന്നെ ഭക്ഷ്യവിഷബാധയാവാം കാരണമെന്ന് മൃഗഡോക്ടര്‍മാരും വന്യജീവി സംരക്ഷകരും സംശയിക്കുന്നു. ഇവയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ചത്ത പരുന്തുകളെ കണ്ടെത്തിയ ചില പ്രദേശങ്ങളില്‍ ബംഗാള്‍ ടൂറിസം മന്ത്രി ഗൗതം ദേബ് സന്ദര്‍ശനം നടത്തി. സിലിഗുരി മുന്‍സിപ്പാലിറ്റിയിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രദേശവാസികളാണ് ആദ്യം പരുന്തുകള്‍ കൂട്ടത്തോടെ ചത്തത് കണ്ടത്. വെളളിയാഴ്ച്ച വൈകുന്നേരമായിരുന്നു ഇത്. തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ച വരെ 49 പരുന്തുകളെ സമീപപ്രദേശങ്ങളില്‍ ചത്ത നിലയില്‍ കണ്ടെത്തി. അവശനിലയില്‍ കണ്ടെത്തിയ ചില പരുന്തുകളെ ചികിത്സയ്ക്കായി കൊണ്ടുപോയി. ചില പരുന്തുകളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയും നടത്തി.

കേന്ദ്ര അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സിലിഗുരി അന്തരീക്ഷ മലിനീകരണ തോത് 343.6 ആണ്. ഫെബ്രുവരി 8നും 13നും ഇടയില്‍ ഡല്‍ഹിയിലെ തോത് 258.6 മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയം.

റിപ്പോര്‍ട്ടോടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുളള നഗരമായി സിലിഗുരി മാറുകയായിരുന്നു. വ്യവസായ നഗരമല്ലായിട്ടും പ്രദേശത്ത് അന്തരീക്ഷ മലിനീകരണം ഉയരുന്നതിന് പഴയ ഡീസല്‍ വാഹനങ്ങളെയാണ് കുറ്റപ്പെടുത്താറുളളത്. ബംഗാളിലെ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട നദിയായ മഹാനന്ദ നദിയും നഗരത്തിലൂടെയാണ് ഒഴുകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ