ന്യൂഡല്‍ഹി: നൈജീരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍കൊളളക്കാര്‍ തട്ടിക്കൊണ്ടു പോയി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നൈജീരിയയിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടെന്നും നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് അറിയിച്ചു.

‘നൈജീരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍കൊളളക്കാര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകള്‍ കണ്ടു. അവരുടെ മോചനത്തിനായി നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെടുകയാണ്,’ സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അയച്ച് നല്‍കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു,

കടല്‍കൊളളക്കാര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ നാവികരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ എവിടേക്കാണ് കൊണ്ടു പോയതെന്നും വ്യക്തമല്ല. അതേസമയം, നാവികരെ വിട്ടു നല്‍കാന്‍ കൊളളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നൈജീരിയന്‍ സര്‍ക്കാരുമായി കൊളളക്കാര്‍ ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook