ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ലക്‌നൗ റെയിൽവേസ്റ്റേഷന് അടുത്തുളള ഹോട്ടല്‍ വിരാട് ഇന്റര്‍നാഷണലിലാണ് തീപിടിത്തം ഉണ്ടായത്. ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.

അമ്പതോളം പേരെ തീപിടിത്തം ഉണ്ടായ ഉടനെ പുറത്തെത്തിച്ചു. തീപിടിത്തം ഉണ്ടായ കാരണം വ്യക്തമായിട്ടില്ല. ഹോട്ടലിന്റെ ഭാഗത്ത് നിന്നുളള സുരക്ഷാ പിഴവാണ് കാരണമെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുജിത് പാണ്ഡെ പറഞ്ഞു. രാവിലെ 6 മണി കഴിഞ്ഞാണ് അഗ്നിശമനാ സേനയ്‌ക്ക് വിവരം ലഭിച്ചത്. രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. നാല്‍പതോളം പേരാണ് അപ്പോള്‍ ഹോട്ടലില്‍ താമസിച്ചിട്ടുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഷോട്ട് സര്‍ക്യൂട്ട് കാരണമാകാം തീ ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ നിന്നും പടര്‍ന്ന തീ മുറികളിലേക്ക് സാരമായി ബാധിക്കും മുമ്പ് അണക്കാനായി. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖേദം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ