മുംബൈ: ഫെബ്രുവരി 29 മുതൽ മഹാരാഷ്‌ട്ര സർക്കാർ തങ്ങളുടെ ഭൂരിഭാഗം ജീവനക്കാർക്കും ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമായി വെട്ടിച്ചുരുക്കുന്നു. ശനി, ഞായർ ദിവസങ്ങൾ അവധി ദിവസങ്ങളായിരിക്കും, ബാക്കി അഞ്ച് ദിവസങ്ങളിൽ ജീവനക്കാർക്ക് 45 മിനിറ്റ് അധിക ജോലി ചെയ്യേണ്ടിവരും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭ യോഗത്തിലാണ് തീരുമാനം.

കേന്ദ്രസർക്കാരിന്റെയും ചില സംസ്ഥാനങ്ങളുടെയും മാതൃകയിൽ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 20 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, ഡിസ്‌പെന്‍സറീസ്, പൊലീസ്, ജയില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർക്കി പുതിയ ആനുകൂല്യം ലഭിക്കും.

Read More: മതം സംരക്ഷിക്കാനല്ല, ജോലികൾക്കും സ്കൂളുകൾക്കും വേണ്ടിയാണ് സർക്കാരിനെ തിരഞ്ഞെടുത്തത്: കനയ്യ കുമാർ

നിലവില്‍ രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്, ദല്‍ഹി, തമിഴ്‌നാട് എന്നീസംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമാണ് പ്രവൃത്തി ദിനം. ഇത് പിന്തുടര്‍ന്നാണ് മഹാരാഷ്ട്രയിലും ഈ തീരുമാനം.

അതേസമയം പുതിയ നിയമങ്ങൾ ഫാക്ടറീസ് ആക്ടിന്റെയോ വ്യാവസായിക തർക്ക നിയമത്തിന്റെയോ പരിധിയിൽ വരുന്ന ഉദ്യോഗസ്ഥർക്ക് ബാധകമല്ല. അവശ്യ സേവനങ്ങൾക്ക് ആവശ്യമുള്ളതിനാൽ സർക്കാർ സ്കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും പോലീസ്, അഗ്നിശമന സേനയിലും ജോലി ചെയ്യുന്ന ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. 15 ലക്ഷത്തോളം ജീവനക്കാർക്ക് പുതിയ ചട്ടം പ്രയോജനപ്പെടുത്താനൊരുങ്ങുന്നതായി മഹാരാഷ്ട്ര സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി ഡി കുൽത്തേ പറഞ്ഞു.

നിലവില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് രണ്ടും നാലും ശനിയാഴ്ച്ചകളില്‍ അവധിയാണ്. സംസ്ഥാനത്തെ ഒ.ബി.സി, എസ്.ഇ.ബി.സി, വി.ജെ.എന്‍.ടി വകുപ്പുകള്‍ ഇനിമുതല്‍ ബഹുജന്‍ കല്ല്യാണ്‍ വകുപ്പെന്നാണ് അറിയപ്പെടുകയെന്നും യോഗത്തില്‍ തീരുമാനിച്ചു.

“ഇനി ഉദ്യോഗസ്ഥർക്ക് അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. അവരുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കും. വൈദ്യുതി, പെട്രോൾ, ഡീസൽ തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക് ചെലവുകളിൽ നിന്ന് കുറച്ച് പണം ലാഭിക്കാനും ഇത് സഹായിക്കും. കാരണം ശനിയാഴ്ചകളിൽ ഓഫീസുകൾ അടച്ചിരിക്കും,” ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മഹാരാഷ്ട്ര സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ നടപടി.

പുതിയ നിയമം നിലവിൽ വരുന്നതോടെ നിലവിൽ ജീവനക്കാര്‍ക്കുള്ള 288 പ്രവൃത്തി ദിനങ്ങള്‍ 264 ആയി വെട്ടിച്ചുരുക്കും. എന്നാല്‍ തൊഴില്‍ സമയം ഏഴു മണിക്കൂർ 15 മിനിറ്റില്‍ നിന്നും എട്ട് മണിക്കൂറായി ഉര്‍ത്തും. മൊത്തം പ്രവൃത്തി സമയം 2,088 മണിക്കൂറിൽ നിന്ന് 2,112 മണിക്കൂറായി ഉയരും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook