കൊൽക്കത്ത: ഖരഗ്‌പൂർ ഐഐടിയുടെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളിയാഴ്ചയാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ എൻ.നിതിന്റെ (21) മൃതദേഹം കണ്ടെത്തിയത്.

എന്നും പുലർച്ചെ രണ്ടു മണിക്ക് പഠിക്കാൻ എഴുന്നേൽക്കാനായി നിതിൻ അലാറം വയ്ക്കുമായിരുന്നു. വെളളിയാഴ്ച അലാറം തുടരെ തുടരെ അടിക്കുന്ന ഒച്ച കേട്ടാണ് മറ്റു വിദ്യാർഥികൾ ഉണർന്നത്. വിദ്യാർഥികൾ മുറിയിൽ തട്ടി വിളിച്ചുവെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. രാവിലെ ആയിട്ടും നിതിൻ മുറിക്ക് പുറത്തു വരാതിരുന്നതോടെ വിദ്യാർഥികൾ ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. വിദ്യാർഥികൾ ജനൽ പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ നിതിനെ കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി തുറന്ന് മൃതദേഹം പുറത്തെത്തിക്കുകയും ചെയ്തു.

നിതിന്റെ മുറിയിൽനിന്നും ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘എന്നെ ഉറങ്ങാൻ അനുവദിക്കൂ’ എന്നു ആത്മഹത്യാ കുറിപ്പിൽ ഉളളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എയ്റോസ്പേസ് എൻജിനീയറിങ് നാലാം വർഷ വിദ്യാര്‍ഥിയാണ് നിതിന്‍.

കഴിഞ്ഞ രണ്ടു മാസത്തിനുളളിൽ ഖരഗ്‌പൂർ ഐഐടിയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് നിതിൻ. കഴിഞ്ഞ മാസം 30 ന് മൂന്നാം വർഷ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർഥിയായ ആന്ധ്ര സ്വദേശി സന ശ്രീ രാജ് ക്യാംപസിനടുത്തെ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 16ന് രാജസ്ഥാൻ സ്വദേശിയായ ലോകേഷ് മീന എന്ന വിദ്യാർഥിയും റയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ