ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ രാജ്യത്തെമ്പാടും  നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ ആരംഭിക്കും.  ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. റെയിൽവേ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്സി തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്കെടുക്കും.

വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്‌ദാനം പാലിക്കാത്തത്,  പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിലാളി നയങ്ങൾ ഭേദഗതി ചെയ്ത് തൊഴിലാളി വിരുദ്ധ നയങ്ങളാക്കി മാറ്റൽ,  ജിഎസ്ടി മൂലമുള്ള വിലക്കയറ്റം തുടങ്ങി അനവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാൻ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.

പണിമുടക്കിൽ ജനജീവിതം കേരളത്തിൽ സ്തംഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ശബരിമല വിഷയത്തിൽ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിന് പിന്നാലെയെത്തുന്ന പണിമുടക്കിൽ പക്ഷെ വ്യാപാരി വ്യവസായികൾ കടകൾ തുറന്നു പ്രവർത്തിക്കും.

പണിമുടക്കിൽ സിഐടിയു, ഐൻടിയുസി എന്നിവയടക്കം 19 യൂണിയനുകള്‍ അണിനിരക്കും. കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ-ടാക്സികൾ മുതലായവ പണിമുടക്കിൽ പങ്കെടുക്കും. വാഹനങ്ങളില്ലാത്തതിനാൽ ഓഫീസുകളും പ്രവർത്തിക്കുക ബുദ്ധിമുട്ടാകും. പാല്‍, പത്രം എന്നിവയെയും ശബരിമല തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും പണിമുടക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook