ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി വഴി ടെക് ലോകത്തിനു ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അഥവാ നിർമ്മിത ബുദ്ധി കൂടുതൽ സുപരിചിതമായി മാറി. ഇന്ന് ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ടിനെ അറിയാത്തവർ ചുരുക്കമാണ്. ഗൂഗിൾ ഉൾപ്പെടെ പല കമ്പനികളും ചാറ്റ്ബോട്ടുകളുമായി എത്തിയതോടെ ഇന്റര്‍നെറ്റിലിപ്പോള്‍ എഐ പ്രളയമാണ്. എഐയുടെ പരിമിതികള്‍ പലരും എടുത്തുകാട്ടുന്നുണ്ടെങ്കിലും ഇനി ഇവ ഇല്ലാത്ത ലോകം സാധ്യമാകുമോയെന്നറിയില്ല.
നിർമ്മിത ബുദ്ധി തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കകൾക്ക് ഇടയിലാണ് രാജ്യത്ത് നിരവധി എഐ തൊഴിൽ അവസരങ്ങൾ ഉള്ളതായി റിപ്പോർട്ട് പുറത്തു വരുന്നത്. ഡാറ്റാ സയന്റിസ്റ്റുകൾ, എം എൽ എഞ്ചിനീയർമാർ തുടങ്ങി 2023 ഫെബ്രുവരിയിൽ , ഇന്ത്യയിൽ മാത്രം 45,000 എഐ തൊഴിലവസരങ്ങളുണ്ടെന്ന് ടീം ലീസ് ഡിജിറ്റൽ റിപ്പോർട്ടിൽ പറയുന്നു. തൊഴിലുകളിലും വ്യവസായങ്ങളിലും ഉടനീളം പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കുമുള്ള ഓപ്പൺ ജോബ് റോളുകളും ശമ്പള പാക്കേജുകളും കൂടാതെ തൊഴിലന്വേഷകർക്ക് ഭാവിയിൽ തൊഴിൽ സുരക്ഷിതമാക്കാൻ ആവശ്യമായ എഐ കഴിവുകളെക്കുറിച്ചും റിപ്പോർട്ട് പറയുന്നു.
ഈ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ വിവിധ ടെക്‌നോളജി റോളുകളിൽ പുതുമുഖങ്ങൾക്ക് പ്രതീക്ഷിക്കുന്ന ശമ്പളത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഡാറ്റാ എഞ്ചിനീയർമാർക്ക് പ്രതിവർഷം 14 ലക്ഷം രൂപ വരെയും, എംഎൽ എഞ്ചിനീയർമാർക്ക് 10 ലക്ഷം രൂപ വരെയും, ഡാറ്റാ സയന്റിസ്റ്റുകൾക്ക് 14 ലക്ഷം രൂപ വരെയും, ഡേറ്റ ആർക്കിടെക്റ്റുകൾക്കു 12 ലക്ഷം രൂപ, ബിഐ അനലിസ്റ്റുകൾ 14 ലക്ഷം രൂപ, ഡാറ്റാബേസ് അഡ്മിൻമാർ 12 ലക്ഷം രൂപ എന്നിങ്ങനെ പോകുന്നു പ്രതീക്ഷിത ശമ്പളക്കണക്കുകൾ.
ഹെൽത്ത്‌കെയർ (ക്ലിനിക്കൽ ഡാറ്റാ അനലിസ്റ്റ്, മെഡിക്കൽ ഇമേജിംഗ് സ്‌പെഷ്യലിസ്റ്റ്, ഹെൽത്ത് ഇൻഫോർമാറ്റിക്‌സ് അനലിസ്റ്റ്, മറ്റുള്ളവ), വിദ്യാഭ്യാസം (എഡ്‌ടെക് പ്രൊഡക്റ്റ് മാനേജർ, എഐ ലേണിംഗ് ആർക്കിടെക്റ്റ്, എഐ കരിക്കുലം ഡെവലപ്പർ, ചാറ്റ്ബോട്ട് ഡെവലപ്പർ മുതലായവ) ഉൾപ്പെടെ, പ്രധാന വ്യവസായങ്ങളിൽ ഉടനീളം എഐ വിവിധ തരത്തിലുള്ള പ്രധാന തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ടിൽ കണക്കാക്കുന്നത്.
ടീം ലീസ് ഡിജിറ്റൽ നടത്തിയ സർവേ പ്രകാരം, 37 ശതമാനം ഓർഗനൈസേഷനുകളും തങ്ങളുടെ ജീവനക്കാർക്ക് എഐ തലത്തിൽ ജോലി ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രാപ്തരാക്കാൻ താല്പര്യപ്പെടുന്നു. 30 ശതമാനം ഓർഗനൈസേഷനുകൾ മറഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാൻ എഐ പഠന സംരംഭങ്ങൾ നിർബന്ധമാണെന്ന് കരുതുന്നു . 56 ശതമാനം ഓർഗനൈസേഷനുകൾ എഐ ഡിമാൻഡ്-സപ്ലൈ ടാലന്റ് വിടവ് നികത്താൻ ആവശ്യമായവ ചെയ്യുകയാണെന്നും റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നു.
ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ തൊഴിലുടമകളുടെ ആശയങ്ങൾ മനസ്സിലാക്കുന്നതായി സർവേയിൽ പറയുന്നു. എഐ പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നുവെന്ന് 55 ശതമാനം ജീവനക്കാരും അഭിപ്രായപ്പെട്ടു. കൂടാതെ 54 ശതമാനം ജീവനക്കാരും ഓർഗനൈസേഷനുകൾ നൈപുണ്യവും നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി പറയുന്നു. ഭാവിയിൽ എഐ ബന്ധിത തൊഴിൽ ശക്തി വർധിപ്പിക്കുന്നതിനാണിത്. ഇൻ-ഹൗസ് കഴിവുകൾ കെട്ടിപ്പടുക്കുന്നതും ദൈനംദിന പ്രവർത്തനങ്ങളിൽ എ ഐ സംയോജിപ്പിക്കുന്നത് സാധ്യതകൾ വർധിപ്പിക്കാൻ സഹായിക്കുമെന്നു 40 ശതമാനത്തിലധികം ജീവനക്കാർ കരുതുന്നു.