scorecardresearch
Latest News

എനിക്കെന്റെ അമ്മയെ തിരിച്ചുവേണം; ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി മലയാളി

കേസിൽ ജനുവരി 27ന് അനുരാധ പഡ്വാളിനോടും രണ്ടു മക്കളോടും നേരിട്ട്ഹാജരാവാൻ നിർദേശിച്ചിരിക്കുകയാണ് കോടതി

Anuradha Paudwal daughter, Karmala Modex, അനുരാധ പഡ്വാൾ, കർമ്മല മോഡെക്സ്, woman claims to be Anuradha paudwals daughter, Singer Anuradha paudwal, Karmala Modex, Kerala news, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം

പത്മശ്രീ, ദേശീയ പുരസ്കാര ജേതാവും പ്രശസ്ത ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരത്ത് താമസിക്കുന്ന കർമല മോഡെക്സ്, അനുരാധ തന്നെ മകളായി അംഗീകരിക്കണമെന്ന ആവശ്യവുമായി കുടുംബക്കോടതിയെ സമീപിച്ചു. ജന്മം നൽകിയ അമ്മയെ തനിക്ക് തിരിച്ചുവേണം എന്നാണ് കർമലയുടെ ആവശ്യം.

“ഗായിക അനുരാധയും സംഗീതഞ്ജനായ അരുൺ പഡ്വാളും 1969 ലാണ് വിവാഹിതയായത്. 1974 ലാണ് കർമല ജനിക്കുന്നത്. എന്നാൽ കരിയറിലെ ആദ്യനാളുകളിലെ തിരക്കുകളിൽ മകളെ നോക്കാൻ സാധിക്കാത്തതിനാൽ അനുരാധ മകളെ വർക്കല സ്വദേശിയും കുടുംബസുഹൃത്തുമായ പൊന്നച്ചനെയും ഭാര്യ ആഗ്നസിനെയും ഏൽപ്പിക്കുകയായിരുന്നു,” കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

“പട്ടാളക്കാരനായ പൊന്നച്ചൻ തന്റെ മൂന്നു ആൺമക്കൾക്കൊപ്പം സ്വന്തം മകളെയെന്ന പോലെ കർമലയെയും വളർത്തി. ആദ്യ വർഷങ്ങളിൽ മകളുടെ കാര്യങ്ങൾ അനുരാധ പൊന്നച്ചനെ വിളിച്ചു അന്വേഷിച്ചിരുന്നെങ്കിലും പിന്നീട് കർമലയുടെ കാര്യത്തിൽ ശ്രദ്ധിക്കാതെയായി. നാസിക്കിൽനിന്നു മാറ്റം കിട്ടി പൊന്നച്ചൻ തിരുവനന്തപുരത്തേക്ക് താമസം മാറും മുൻപെ മകളെ അനുരാധയ്ക്ക് തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് അനുരാധയുടെ കൂടെ പോവാൻ തയാറായില്ല. മകൾക്ക് വേണ്ട എല്ലാ സഹായവും അനുരാധ വാഗ്ദാനം ചെയ്യുകയും കർമല പൊന്നച്ചനൊപ്പം തന്നെ വളരുകയും ചെയ്തു,” കർമ്മലയുടെ അഭിഭാഷകൻ അനിൽ പ്രസാദ് ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

“കർമലയുടെ വിവാഹത്തോടനുബന്ധിച്ച് പൊന്നച്ചൻ വീണ്ടും അനുരാധയെ പോയി കണ്ടിരുന്നെങ്കിലും മക്കളെല്ലാം വളർന്നതിനാൽ ഇനി കർമലയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അനുരാധയുടെ നിലപാട്. അനുരാധയിൽനിന്ന് ഒരു പൈസ പോലും സ്വീകരിക്കാതെ, തന്നാൽ കഴിയുന്ന രീതിയിൽ പൊന്നച്ചൻ കർമലയുടെ വിവാഹം നടത്തികൊടുത്തു,” അനിൽ പ്രസാദ് പറയുന്നു.

“മരണക്കിടക്കയിൽ വെച്ചാണ് പപ്പ എന്നോട് ഞാൻ അനുരാധയുടെ മകളാണെന്ന് പറയുന്നത്. ആ സത്യം തുറന്നു പറഞ്ഞ് മൂന്നു നാലു ദിവസം കഴിയുമ്പോൾ പപ്പ മരിക്കുകയും ചെയ്തു. ഞാനിക്കാര്യം ഭർത്താവിനോടും മക്കളോടും പറയുകയും ഫോണിൽ അമ്മയുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അവർ സംസാരിക്കാൻ വിമുഖത കാണിക്കുകയും കോൾ ബ്ലോക്ക് ചെയ്യുകയുമാണ് ചെയ്തത്. അതാണ് നിയമനടപടികളുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചത്,” കർമല മോഡെക്സ്  ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

“മഹാരാഷ്ട്രയിലാണ് ഞാൻ ജനിച്ചത്. രണ്ടു വയസിൽ പപ്പയ്ക്ക് ട്രാൻസ്ഫറായി കേരളത്തിലേക്ക് തിരിച്ചുപോന്നു. ജനിച്ചു നാലു ദിവസം പ്രായമുള്ളപ്പോഴാണ് എന്നെ നോക്കാൻ വേണ്ടി പപ്പയെ ഏൽപ്പിച്ചതെന്നാണ് പറയുന്നത്. അത്രയും കുഞ്ഞായതുകൊണ്ട് എനിക്കൊന്നും ഓർമയില്ല. എനിക്കെന്റെ അമ്മയെ തിരിച്ചുവേണം; ഒരു കുഞ്ഞ് മരിച്ചുപോയെന്ന് അവർ പറയുന്നുണ്ട്, അങ്ങനെ പറയുന്നതെന്തിനാണെന്ന് എനിക്കറിയണം,” കർമല മോഡെക്സ് പറയുന്നു. ആദിത്യ പഡ്വാൾ എന്ന മകനും ഗായികയായ കവിത പഡ്വാളുമാണ് അനുരാധയുടെ മക്കൾ.

ഈ കേസിൽ ജനുവരി 27ന് അനുരാധ പഡ്വാളിനോടും രണ്ടു മക്കളോടും നേരിട്ട്ഹാജരാവാൻ നിർദേശിച്ചിരിക്കുകയാണ് കോടതി. മാതൃത്വം അനുരാധ നിഷേധിക്കുകയാണെങ്കിൽ ഡിഎൻഎ ടെസ്റ്റ് പോലുള്ള തുടർനടപടികളുമായി മുന്നോട്ടുപോവാനാണ് കർമലയുടെ തീരുമാനമെന്ന് അഭിഷാകൻ അനിൽ പ്രസാദ് പറഞ്ഞു.

കർമല- മോഡെക്സ് ദമ്പതികൾക്ക് മൂന്നു മക്കളാണ് ഉള്ളത്. പൊന്നച്ചന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കർമലയ്ക്ക് പത്താം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. അതുകൊണ്ടു തന്നെ തന്റെ ബാല്യവും നല്ല ജീവിതവും നഷ്ടമാക്കിയ അമ്മയോട് 50 കോടി രൂപ നഷ്ടപരിഹാരവും ഹർജിയിൽ കർമല ആവശ്യപ്പെട്ടിട്ടുണ്ട്.

പത്മശ്രീ, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ അനുരാധ പഡ്വാള്‍ നാലു തവണ ഫിലിം ഫെയര്‍ പുരസ്‌കാരത്തിനും അര്‍ഹയായിട്ടുണ്ട്. ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങളെന്ന പോലെ നിരവധി ഭജനുകളും അവര്‍ പാടിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 45 year old kerala woman files case claiming to be daughter of singer anuradha paudwal