ഗുവാഹട്ടി: റിയാലിറ്റി ഷോ താരവും ഗായികയുമായ നഹിദ് അഫ്രിനെതിരെ മുസ്‌ലിം മതപുരോഹിതന്മാരുടെ ഫത്‌വ. പൊതു പരിപാടികളിൽ പാടരുതെന്നാണ് 42 മുസ്‌ലിം പുരോഹിതന്മാർ പതിനാറുകാരിയായ നഹിദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2015 ലെ ഒരു ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയിലെ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു നഹിദ്. 2016 ൽ സൊനാക്ഷി സിൻഹ കേന്ദ്ര കഥാപാത്രമായെത്തിയ അക്കീറ ചിത്രത്തിൽ പാടി നഹിദ് ബോളിവുഡ് അരങ്ങേറ്റവും നടത്തിയിരുന്നു.
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് അടക്കമുളള സംഘടനകൾക്കെതിരെ പാട്ടുമായി അടുത്തിടെ നഹിദ് വേദികളിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണോ ഫത്‌വ പ്രഖ്യാപിച്ചിരിക്കുന്നതെന്നു അന്വേഷിക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് എഡിജി പല്ലബ് ഭട്ടാചാര്യ പറഞ്ഞു. നഹിദിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഹജോയ്, നാഗോണ്‍ ജില്ലകളില്‍ 46 പുരോഹിതന്മാരുടെ പേരുകളില്‍ ഫത്‌വയുടെ ഉള്ളടക്കം അച്ചടിച്ച് വിതരണം ചെയ്തത്. മാര്‍ച്ച് 25 ന് അസമിലെ ലങ്കയിലുളള ഉദാലി സോണായി ബീബി കോളേജില്‍ നഹിദ് അഫ്രിന്‍ അവതരിപ്പിക്കുന്ന പരിപാടി ശരി അത്തിനെതിരാണെന്നാണ് ഫത്‌വയില്‍ പറയുന്നത്. പള്ളികളുടെയും മദ്രസകളുടേയും പരിസര പ്രദേശങ്ങളില്‍ സംഗീത പരിപാടികൾ നടത്തുന്നത് ശരീഅത്ത് നിയമത്തിന് എതിരാണ്. പുതുതലമുറയെ ഇതു വഴിതെറ്റിക്കുമെന്നും ഫത്‌വയില്‍ പറയുന്നു.
തനിക്ക് ഇതിനെക്കുറിച്ചൊന്നും സംസാരിക്കാനില്ലെന്നായിരുന്നു ഫത്‌വയെക്കുറിച്ച് നഹിദ് പ്രതികരിച്ചത്. സംഗീതം ദൈവം എനിക്ക് തന്ന വരദാനമാണ്. ഇത്തരം താക്കീതുകൾ താൻ മുഖവിലയ്ക്കെടുക്കില്ലെന്നും പാടുന്നത് നിർത്തില്ലെന്നും നഹിദ് പറഞ്ഞു. മാർച്ച് 25 ന് നടക്കുന്ന സംഗീത പരിപാടി റദ്ദാക്കില്ലെന്ന് സംഘാടകർ അറിയിച്ചതായി നഹിദിന്റെ അമ്മ വ്യക്തമാക്കി.