ന്യൂഡൽഹി: എഎപിയുടെ മുൻ മന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനുപിന്നാലെ എഎപിയെ ഡൽഹിയിൽനിന്നും രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിൽനിന്നും വേരോടെ പിഴുതെറിയാനുള്ള 400 ദിവസത്തെ പദ്ധതിയാണ് ബിജെപി നേതാക്കൾ ലക്ഷ്യമിടുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി എഎപി സർക്കാരിലെ 10 അഴിമതി ആരോപണങ്ങൾ പൊതുമധ്യത്തിലെത്തിച്ച് പാർട്ടിയെ പൂർണമായും ഒതുക്കാനാണ് ബിജെപിയുടെ നീക്കമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
“അടുത്ത 400 ദിവസങ്ങൾ, അടുത്ത മേയിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഞങ്ങൾ കഠിനമായി പ്രവർത്തിക്കും, തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകർക്ക് പിന്നിൽ ഇതുവരെ ഒളിച്ചിരുന്ന മുഖ്യമന്ത്രിയെ ഡൽഹിയിലെ അഴിമതിയുടെ മുഖമായി ഉയർത്തിക്കാട്ടും. 2025 ലെ ഡൽഹി നിയസഭാ തിരഞ്ഞെടുപ്പുവരെ ഈ ക്യാംപെയിൻ തുടരും,” ഒരു പാർട്ടി നേതാവ് പറഞ്ഞു.
”എഎപി സർക്കാരിലെ വിവിധ വകുപ്പുകളിലായി 10 അഴിമതി ആരോപണങ്ങളുണ്ട്, ഇതിന്റെയൊക്കെ സൂത്രധാരൻ കേജ്‌രിവാൾ എന്ന നിലയിൽ, എക്സൈസ് കുംഭകോണ വിഷയത്തിലെന്നപോലെ പരസ്യമായി ഞങ്ങളോട് സംവാദം നടത്താൻ ആവശ്യപ്പെടും. അതിനവർ തയ്യാറായില്ലെങ്കിൽ ജനങ്ങൾക്കു മുന്നിൽ ഏറ്റു പറയേണ്ടി വരും,” മറ്റൊരു നേതാവ് പറഞ്ഞു.
എക്സൈസ് അഴിമതി, സബ്‌സിഡി സംബന്ധിച്ച് വൈദ്യുതി കമ്പനികൾക്ക് നൽകിയ ഇളവ്, ക്ലാസ്റൂം അഴിമതി എന്നിവ ഉൾപ്പെടെ 10 അഴിമതി ആരോപണങ്ങളിൽ എഎപി സർക്കാരിനെ തകർക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഡിടിസി ബസുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാറുമായി ബന്ധപ്പെട്ട അഴിമതി, ഡിജെബിയിലെ അഴിമതി, താൽക്കാലിക ആശുപത്രികളുടെയും ഫീഡ്‌ബാക്ക് യൂണിറ്റിന്റെയും നിർമ്മാണത്തിലെ അഴിമതി എന്നിവയും ആരോപണങ്ങളിൽ ഉൾപ്പെടുന്നു.
”സത്യേന്ദർ ജെയിനിന്റെയും മനീഷ് സിസോദിയയുടെയും അറസ്റ്റും മന്ത്രിസഭയിൽ നിന്നുള്ള രാജിയും കാരണം എഎപി ഇതിനകം സംഘടനാ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്; അതിന്റെ രണ്ടാം നിര നേതൃത്വം ഇപ്പോൾ നിലവിലില്ല,” പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കേജ്‌രിവാളിന്റെ സഹായികളായ ഇവർ അഴിമതി ആരോപണത്തിൽപ്പെട്ട് മുഖ്യമന്ത്രിക്ക് ബാധ്യതയായി മാറിയതും, തങ്ങളുടെ മന്ത്രിസഭയിലെ സ്ഥാനങ്ങൾ രാജിവയ്ക്കാൻ നിർബന്ധിതരായത് എങ്ങനെയെന്നും ഉയർത്തിക്കാട്ടി ആം ആദ്മി പാർട്ടിയുടെ അണികളിൽ അമർഷം വളർത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നുവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.