ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 40 വയസുകാരനായ രാധേയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയത്. വയറുവേദനയെ തുടര്‍ന്ന് വാര്‍ഡില്‍ നിന്നും പുറത്തിറങ്ങി നഴ്‌സിങ് സ്റ്റാഫിനെ അന്വേഷിക്കുകയായിരുന്നു പെണ്‍കുട്ടി. അപ്പോഴായിരുന്നു രാധേയ പെണ്‍കുട്ടിയെ ബലമായി തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് പിടിച്ചുകൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.

രാവിലെ ആറ് മണിയോടെയാണ് പൊലീസ് വിവരം അറിയുന്നത്. ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ആളാണെന്ന് ഡിസിപി രജ്‌നീഷ് ഗുപ്ത പറഞ്ഞു.

ഡല്‍ഹി പൊലീസിന്റെ കണക്കുകള്‍ പ്രകാരം രാജ്യ തലസ്ഥാനത്ത് 2018ലെ ആദ്യ നാലു മാസങ്ങളില്‍ മാത്രം ദിവസേന രണ്ടിലധികം കുട്ടികള്‍ പീഡനത്തിന് ഇരകളായിട്ടുളളതായി റിപ്പോർട്ടുകൾ കാണിക്കുന്നു. ഏപ്രില്‍ 30 വരെ 282 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 278 ആയിരുന്നു. 2017ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 894 ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook