അയോധ്യ: രാമക്ഷേത്ര നിർമാണത്തിനു വിപുലമായ ഒരുക്കങ്ങൾ. ക്ഷേത്ര തറക്കല്ലിടലിനു നാൽപ്പത് കിലോയുടെ വെള്ളിക്കല്ലാണ് ഉപയോഗിക്കുക. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഓഗസ്റ്റ് അഞ്ചിനു തറക്കല്ലിടൽ പരിപാടി നടക്കുക.
അമ്പതോളം വിഐപികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ട്രസ്റ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. വെള്ളിക്കല്ലുകൊണ്ട് തറക്കല്ലിടൽ നടത്തുക പ്രധാനമന്ത്രിയായിരിക്കുമെന്നാണ് സൂചന.
ഭക്തര്‍ക്ക് ശിലാസ്ഥാപനം തത്സമയം കാണുന്നതിനായി അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്ക്രീനുകള്‍ സ്ഥാപിക്കും.
എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് തുടങ്ങി പ്രമുഖരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.
Read Also: Covid 19 Vaccine: കോവിഡ് പ്രതിരോധ കുത്തിവയ്പിൽ ശ്രദ്ധേയ മുന്നേറ്റം
ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുളള പദ്ധതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി ഗൗരവമുളളതാണെന്നും രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും രാം മന്ദിർ ട്രസ്റ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിരുന്നു. ജൂലെെ രണ്ടിന് ഭൂമിപൂജ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
അതേസമയം, അയോധ്യയിൽ ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമിക്കേണ്ട ക്ഷേത്രത്തിന്റെ പ്രാധാന്യം ‘രാഷ്ട്ര മന്ദിര’ത്തിന് തുല്യമായിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിട്ടുണ്ട്. “രാം മന്ദിർ മറ്റൊരു ക്ഷേത്രം മാത്രമായിരിക്കില്ല. ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമിക്കുന്ന ദേശീയ ക്ഷേത്രമാണിത്. അത് ഇന്ത്യയുടെ ആത്മാവായിരിക്കും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും കരുത്ത് ഈ ക്ഷേത്രം ലോകത്തിന് കാണിച്ചു കൊടുക്കും,” ആദിത്യനാഥ് പറഞ്ഞു.