ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബിജെപി സർക്കാർ അധികാരത്തിലേറിയിട്ട് ഇന്നേക്ക് നാലു വർഷം പൂർത്തിയാകുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഒഡീഷയിലെ കട്ടക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയിൽ പങ്കെടുത്ത് സംസാരിക്കും.

ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ ഡൽഹിയിൽ ഇന്ന് പ്രത്യേക വാർത്ത സമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചുള്ള വീഡിയോ ഇന്ന് ഷാ പുറത്തിറക്കും. അതേസമയം, സർക്കാരിന്റെ നാലാം വാർഷിക ദിനം വഞ്ചന ദിനമായിട്ടാണ് കോൺഗ്രസ് ആചരിക്കുക.

നാലാം വാർഷികത്തിൽ പ്രധാനമന്ത്രി ട്വീറ്റിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലു വർഷത്തിലെ ഇന്ത്യയുടെ വളർച്ച നേട്ടത്തെക്കുറിച്ചാണ് മോദി പറഞ്ഞിരിക്കുന്നത്. അതിന് സഹായിച്ചത് 125 കോടി ഇന്ത്യൻ ജനതയാണെന്നും മോദി പറയുന്നു. തന്റെ സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ജനങ്ങളുടെ പിന്തുണയാണ് തന്റെ സർക്കാരിന്റെ ശക്തിയെന്നും കഴിഞ്ഞ നാലു വർഷത്തെപ്പോലെ ഇനിയും അതേ അർപ്പണ മനോഭാവത്തോടെ ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2014 മെയ് 26 നാണ് ബിജെപി സർക്കാർ അധികാരമേൽക്കുന്നത്. നാലു വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ മോദിക്കു മുന്നിലുളള വെല്ലുവിളികളും നിരവധിയാണ്. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ വേണ്ടത്ര പാലിക്കാത്തതും കർണാടകയിൽ ബിജെപിക്കേറ്റ തിരിച്ചടിയും മോദിയുടെ ഇനിയുളള ഒരു വർഷത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ