ബുലന്ദ്ശര്‍: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നാലുവയസുകാരനെ സ്‌കൂള്‍ അധികൃതര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം നടന്നത്. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ സ്‌കൂളിന്റെ മാനേജറും ഉടമസ്ഥനും ഒളിവില്‍ പോയി.

നഴ്‌സറി വിദ്യാര്‍ത്ഥി അഭയ് സോളങ്കിയെയാണ് ഫീസ് നല്‍കിയില്ലെന്നാരോപിച്ച് സ്‌കൂള്‍ സമയം കഴിഞ്ഞും മണിക്കൂറുകളോളം ക്ലാസ് മുറിയില്‍ പൂട്ടിയിട്ടത്. മറ്റ് കൂട്ടികള്‍ വീട്ടിലെത്തിയിട്ടും മകനെ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മാതാപിതാക്കള്‍ എത്തി ഫീസ് നല്‍കിയതിനു ശേഷമേ കുട്ടിയെ വിട്ടു തരൂ എന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായും ആരോപണമുണ്ട്. സ്‌കൂള്‍ അധികാരികള്‍ കാണിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പി.കെ.തിവാരി പറഞ്ഞു.

കര്‍ഷക തൊഴിലാളിയാണ് അഭയ്‌യുടെ പിതാവ്. സ്‌കൂള്‍ ഫീസ് കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു താനെന്നും എത്രയും പെട്ടന്ന് ഫീസ് അടച്ചു തീര്‍ക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഉറപ്പു നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ