വാഷിംഗ്ടണ്‍: പല്ലു തേച്ചില്ലെന്ന് ആരോപിച്ച് മാതാവ് നടത്തിയ ആക്രമണത്തില്‍ നാല് വയസുകാരി കൊല്ലപ്പെട്ടു. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം നടന്നത്. ഐറിസ് ഹെര്‍ണാണ്ടസ് റിവാസ് എന്ന ഇരുപത്കാരിയായ മാതാവാണ് മകളെ തൊഴിച്ച് കൊലപ്പെടുത്തിയത്. മകളെ കുളിമുറിയില്‍ അനക്കമറ്റ രീതിയില്‍ കണ്ടെത്തിയെന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഐറിസ് സത്യം തുറന്നു പറഞ്ഞത്. പല്ല് തേക്കാന്‍ കൂട്ടാക്കാതിരുന്ന മകളുടെ അടിവയറ്റില്‍ താന്‍ ചവുട്ടിയതായി മാതാവ് സമ്മതിച്ചു. പിറകിലേക്ക് മറിഞ്ഞുവീണ മകളെ പിന്നെയും ആക്രമിച്ചതായി ഇവര്‍ പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് അനക്കമറ്റ മകളെ ഇവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. കുട്ടിയുടെ ദേഹത്ത് ഒന്നില്‍ കൂടുതല്‍ പരുക്കുകള്‍ ഏറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മകള്‍ പല്ല് തേക്കാത്തതിലുള്ള ദേശ്യം കാരണം മകളുടെ അടിവയറ്റില്‍ ചവുട്ടിയതായി ഐറിസ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ദേഹത്തുള്ളതായും പൊലീസ് പറഞ്ഞു. ഐറിസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ