ഹൈദരാബാദ്: നാലു മാസം പ്രായമുളള മകനെയും നെഞ്ചോട് ചേർത്ത് തെരുവിൽ കിടന്നുറങ്ങുകയായിരുന്ന ഭിക്ഷാടകയായ ഹുമേറ ബീഗം ഉറക്കമെണീറ്റപ്പോഴാണ് മകനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. ആരോരും സഹായത്തിനില്ലാതെ വാവിട്ട് നിലവിളിക്കാൻ മാത്രമേ ആ അമ്മയ്ക്ക് കഴിഞ്ഞുളളൂ. പക്ഷേ ഹൈദരാബാദ് പൊലീസിന് ആ അമ്മയുടെ കണ്ണുനീർ കണ്ടില്ലെന്നു നടിക്കാനായില്ല. കുഞ്ഞിനെ കണ്ടെത്താൻ പൊലീസ് ഒന്നടങ്കം രംഗത്തിറങ്ങി. 15 മണിക്കൂർ കൊണ്ട് അവർ കുഞ്ഞിനെ കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു.

പ്രതികളിൽനിന്നും കുഞ്ഞിനെ വീണ്ടെടുത്തപ്പോൾ അവൻ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിലിരുന്ന് അദ്ദേഹത്തെ നോക്കി ചിരിച്ചു. നാമ്പളളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ആർ.സഞ്ജയ് കുമാറിന് തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു അത്. ഹൈദരാബാദ് അഡീഷണൽ കമ്മീഷണർ സ്വാതി ലാക്റയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 20000ത്തോളം പേരാണ് ഈ ചിത്രം ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്തത്.

ബുധനാഴ്ച പുലർച്ചെ 4.30 നാണ് മകൻ ഫൈസാൻഖാനിനെ ആരോ തട്ടിക്കൊണ്ടു പോയെന്ന് വിവരം ഭിക്ഷാടനം നടത്തി ജീവിക്കുന്ന 21 കാരിയായ ഹുമേറാ ബീഗം അറിഞ്ഞത്. ഉടൻ തന്നെ മാമ്പളളി പൊലീസിന്റെ സഹായം തേടി. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളായ 42 കാരൻ മുഹമ്മദ് മുഷ്താഖിനെയും 25 കാരൻ മുഹമ്മദ് യൂസഫിനെയും തിരിച്ചറിഞ്ഞത്. മുഷ്താഖിന്റെ ബന്ധുവിന് ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇത് മുഷ്താഖിനോട് പറയുകയും ചെയ്തിരുന്നു. ഇതാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ഇരുവരെയും പ്രേരിപ്പിച്ചത്. കുഞ്ഞിനെ തട്ടിയെടുത്ത് ബന്ധുവിന്റെ അടുത്ത് പോയപ്പോൾ മാതാപിതാക്കൾ ഇല്ലാതെ സ്വീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞു. തുടർന്ന് കുഞ്ഞിനെയും കൊണ്ട് തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുവരും പൊലീസ് പിടിയിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook