പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പകോഡ പരാമർശത്തിനെതിരെ പ്രതിഷേധിച്ച നാല് ജെഎൻയു വിദ്യാർത്ഥികൾക്ക് 20000 രൂപ വീതം പിഴ ശിക്ഷ. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പരാമർശത്തിനിടെയാണ് യുവാക്കളോട് പകോഡ വിൽക്കാമെന്ന് മോദി പറഞ്ഞത്.

അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ രണ്ട് സെമസ്റ്ററിലേക്ക് ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും മറ്റ് രണ്ട് പേരെ ഹോസ്റ്റൽ മാറ്റുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയന്റെ നാല് വിദ്യാർത്ഥികൾക്കാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനും ജെഎൻയുവിലെ കോഴ്സുകൾക്ക് ഹാജർ നിർബന്ധമാക്കിയ നടപടിക്കും എതിരായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. സർവ്വകലാശാലയ്ക്ക് അകത്തെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം ബസ് സ്റ്റാന്റും റോഡും ബ്ലോക്ക് ചെയ്ത വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സർവ്വകലാശാല ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.

ഉന്നത സുരക്ഷ ഉദ്യോഗസ്ഥന്റെ നിരന്തര അഭ്യർത്ഥന ലംഘിച്ച് പ്രതിഷേധക്കാർ ഇവിടെ ഭക്ഷണം പാകം ചെയ്തതും കനത്ത ശിക്ഷ നൽകാൻ കാരണമായെന്ന് സർവ്വകലാശാല അധികൃതർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ