പട്ന: ബിഹാറില്‍ 11 വയസുകാരിയെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച മൂന്ന് പേരെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബെഗുസാരൈ ജില്ലയിലെ സ്കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയേയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവരെ നാട്ടുകാര്‍ പിടികൂടിയത്. ഛൗരാഹിയില്‍ പുതുതായി നിര്‍മ്മിച്ച പ്രൈമറി സ്കൂള്‍ കെട്ടിടത്തിലാണ് നാല് അക്രമികള്‍ കടന്നുകയറിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച ഇവരെ സ്കൂളിലെ വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും ഗ്രാമവാസികളും തടഞ്ഞ് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. രണ്ട് മോട്ടോര്‍സൈക്കിളുകളിലായി നാല് പേരാണ് സ്കൂളിലെത്തിയത്. കുട്ടിയുടെ ക്ലാസ് അന്വേഷിച്ച് നാല് പേരും പ്രധാന അധ്യാപികയായ നീമാ കുമാരിയെ സമീപിച്ചു. എന്നാല്‍ കുട്ടി അവധിയിലാണെന്ന് പറഞ്ഞപ്പോള്‍ അക്രമികള്‍ തോക്ക് ചൂണ്ടി ഭയപ്പെടുത്തി. ഉടന്‍ തന്നെ നീമ കുമാരി ബോധരഹിതയായി വീണു. പരിഭ്രാന്തരായ കുട്ടികള്‍ ഉടന്‍ തന്നെ നിലവിളിച്ച് സ്കൂളില്‍ നിന്നും പുറത്തേക്ക് ഓടി.

ഉടന്‍ തന്നെ സമീപത്തെ വയലില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീകളാണ് സ്കൂളില്‍ ആദ്യമെത്തിയത്. ശബ്ദം കേട്ട് മറ്റ് നാട്ടുകാരും സ്ഥലത്തേക്ക് ഇരച്ചെത്തി അക്രമികളെ പിടികൂടി മര്‍ദ്ദിച്ചു. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും രണ്ട് പേര്‍ ആശുപത്രിയിലേക്കുളള വഴിയിലുമാണ് മരിച്ചത്. നാലാമത്തെയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുകേഷ് മഹ്തോ, ശ്യാം സിങ്, ഹീരാ സിങ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഇവര്‍ നേരത്തേ കൊലപാതകം, കൊളള എന്നീ കേസുകളില്‍ പ്രതികളാണ്. എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. നാട്ടുകാരുടെ കൈ കൊണ്ട് അര്‍ഹിച്ച നീതി നടപ്പിലാക്കിയെന്നാണ് ഗ്രാമവാസികളുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook