ന്യൂഡൽഹി: രാജ്യത്ത് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ രണ്ടാം തരംഗത്തിന്റെ ഇരട്ടി, ഏകദേശം എട്ട് ലക്ഷം കേസുകൾ വരെ ഉയർന്നേക്കാമെന്ന് ഐഐടി കാൺപൂർ പ്രൊഫസറും ഗണിതശാസ്ത്രജ്ഞനുമായ മനീന്ദ്ര അഗർവാൾ. ഈ മാസം പകുതിയോടെ ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കേസുകളുടെ എണ്ണം ഏറ്റവും ഉയരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണ് തന്റെ പ്രൊജക്ഷൻ, രാജ്യത്തെ മുഴുവൻ ഡാറ്റയും ലഭ്യമല്ലാത്തതിനാൽ ഇത് പ്രാഥമികമായ വിശകലനമാണെന്നും അദ്ദേഹം പറഞ്ഞു.
“മൂന്നാം തരംഗം (രാജ്യത്ത്) അടുത്ത മാസം തുടക്കത്തിലോ അതിനു അൽപ്പം മുമ്പോ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച്, പ്രതിദിനം നാല് മുതൽ എട്ട് ലക്ഷം വരെ കേസുകൾ ആയേക്കാമെന്ന് ഞങ്ങൾ പ്രവചിക്കുന്നു. രാജ്യമാകെ കർവ് ഉയരാൻ തുടങ്ങിയിട്ടേയുള്ളൂ. അത് കുറയാൻ ഇനിയും ഒരു മാസമെടുക്കും. മാർച്ച് പകുതിയോടെ, കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ഒരുപരിധി വരെ അവസാനിക്കും, ”അഗർവാൾ പറഞ്ഞു.
തിരഞ്ഞെടുപ്പുകൾ കേസുകളുടെ കുതിച്ചുചാട്ടത്തിന് സഹായിക്കും, എന്നാൽ വർദ്ധനവിന് പിന്നിലെ ഘടകങ്ങളിൽ ഒന്ന് മാത്രമാണിത്. രാജ്യത്തെ കോവിഡ് കർവ് ട്രാക്കുചെയ്യുന്ന സൂത്ര കമ്പ്യൂട്ടർ മോഡൽ പ്രവർത്തിപ്പിക്കുന്ന അഗർവാൾ വെള്ളിയാഴ്ച ‘ഇന്ത്യൻ എക്‌സ്‌പ്രസ് ഐഡിയ എക്‌സ്‌ചേഞ്ചിൽ’ പറഞ്ഞു.
“തിരഞ്ഞെടുപ്പ് റാലികൾ കേസുകളുടെ വർദ്ധനവിന് കാരണമാകുന്നില്ല എന്നല്ല. അത് തീർച്ചയായും ഉണ്ടാകും, എന്നാൽ ഏത് സംസ്ഥാനത്തും കേസുകൾ വർദ്ധിക്കുന്നതിന് ധാരാളം കാരണങ്ങളുണ്ട്, തിരഞ്ഞെടുപ്പ് റാലികൾ അവയിലൊന്ന് മാത്രമാണ്. തിരഞ്ഞെടുപ്പ് മാറ്റിനിർത്തിയാലും ആ സംസ്ഥാനത്തെ മൊത്തത്തിലുള്ള സ്ഥിതിഗതികളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാവില്ല എന്നതാണ് ഞങ്ങൾ ശ്രദ്ധിച്ചത്,” അദ്ദേഹം പറഞ്ഞു.
Also Read: ഫെബ്രുവരി 1-15 നും ഇടയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ഐഐടി മദ്രാസ് പഠനം
കോവിഡ് സമയത്ത് 16 സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ പരാമർശമെന്നും അതിൽ അഞ്ച് സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പിലേക്ക് പോയതാണെന്നും അഗർവാൾ പറഞ്ഞു.
“പാരാമീറ്ററുകൾ നിലവിലെ പോലെ വേഗത്തിൽ മാറുമ്പോൾ പ്രൊജക്ഷനുകൾ ഉണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും, മുംബൈയെ സംബന്ധിച്ചിടത്തോളം, ഈ മാസം പകുതിയോടെ മൂന്നാം തരംഗം ഉയർന്നുവരാൻ സാധ്യതയുണ്ട്. അതിനാൽ അത് അത്ര അകലെയല്ല. ഡൽഹിയുടെ കാര്യവും ഇതുതന്നെയാണെന്ന് തോന്നുന്നു. കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം വലിയൊരു അനിശ്ചിതത്വമുണ്ട്, എന്നാൽ ആ നഗരത്തിലും ഏതാണ്ട് അതേ സമയത്ത് കേസുകൾ ഉയരാം” നിലവിലെ രോഗ്യ വ്യാപനത്തെകുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയോടെ രാജ്യത്ത് ഉടനീളം കേസുകൾ വൻതോതിൽ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.