വാഷിങ്ടൺ: ആരോഗ്യവാനായ ഒരാളുടെ ശ്വാസകോശത്തെ കൊറോണ വൈറസ് ബാധിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചുളള ത്രീ ഡി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യുഎസിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ആശുപത്രി. ഏതാനും ദിവസം മുൻപ് കൊറോണ വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളുടെ സിടി സ്കാൻ ചിത്രങ്ങൾ ഉപയോഗിച്ചാണ് വീഡിയോ തയാറാക്കിയത്.

കൊറോണ വൈറസിനെക്കുറിച്ച് പഠിക്കാൻ ആദ്യമായാണ് ഇത്തരത്തിൽ സിടി സ്കാൻ ചിത്രങ്ങൾ ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനു പിന്നാലെ അതിവേഗം രോഗിയുടെ ശ്വാസകോശത്തിലേക്ക് അണുബാധ വ്യാപിക്കുകയായിരുന്നെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രിയിലെ തൊറാസിസ് സർജറി ചീഫ് ഡോ.കെയ്ത് മോർട്ട്മാൻ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

”ഈ അളവിൽ അണുബാധ ബാധിച്ചാൽ, ശ്വാസകോശം സുഖപ്പെടുത്താൻ വളരെയധികം സമയമെടുക്കും. കോവിഡ്-19 ഉള്ള രോഗികളിൽ ഏകദേശം 2-4% കേടുപാടുകൾ പരിഹരിക്കാനാവില്ല, അവർ രോഗത്തിന് അടിമപ്പെടും”ഡോ.കെയ്ത് പറഞ്ഞു.

ഒരു പ്രദേശത്ത് മാത്രമല്ല രണ്ട് ശ്വാസകോശങ്ങളിലേക്കും അണുബാധ വ്യാപിച്ചതായും സ്കാൻ കാണിക്കുന്നു. പ്രായം കുറഞ്ഞ രോഗികളിൽ പോലും അണുബാധ എത്ര വേഗത്തിൽ പടരുമെന്ന് ഇത് കാണിക്കുന്നു.

കോവിഡ്-19 പ്രാഥമികമായി മനുഷ്യരിലെ ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മിക്ക കേസുകളിലും ചുമയെക്കാൾ കുറച്ചു കൂടിയ ലക്ഷങ്ങളുണ്ടാവാം. പക്ഷേ ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്.

Read Also: സോപ്പുകളിലും സാനിറ്റൈസറുകളിലുമുള്ള ആല്‍ക്കഹോള്‍ വൈറസുകളെ കൊല്ലുന്നതെങ്ങനെ?

വൈറസ് ആഴത്തിലുള്ള ടിഷ്യുകളെ ബാധിക്കുമ്പോൾ, ശ്വാസകോശത്തിൽ ശക്തമായ വീക്കം സംഭവിക്കുന്നു, ഇത് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓക്സിജൻ വലിച്ചെടുക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതിനും ശ്വാസകോശങ്ങളിലെ വീക്കം തടയുന്നു.

ഇത്തരം സന്ദർഭങ്ങളിൽ രോഗികളെ വെന്റിലേറ്ററിലേക്ക് മാറ്റുന്നു. ഇതിലൂടെ രോഗിക്ക് ശ്വസിക്കാൻ കഴിയും. ഏഴ് രോഗികളിൽ ഒരാൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടും മറ്റ് ഗുരുതരമായ സങ്കീർണതകളും ഉണ്ടാകുന്നുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ പറയുന്നു.

Read in English: This 3D video shows how quickly coronavirus can attack a healthy person’s lungs

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook