ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയിൽ 39 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്ന് ഐക്യുഎയർ റിപ്പോർട്ട്. വായുവിലെ മലിനകണമായ പിഎം2.5ന്റെ വാർഷിക ശരാശരിയെ അടിസ്ഥാനമാക്കി ഐക്യൂഎയർ തയാറാക്കിയ അഞ്ചാമത്തെ ലോക വായു ഗുണനിലവാര റിപ്പോർട്ടിലാണിത് പറയുന്നത്. തലസ്ഥാനമായ ന്യൂഡൽഹി ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയർ എല്ലാ വർഷവും വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. സർക്കാരിന്റെ മോണിറ്ററിങ്ങ് സ്റ്റേഷനുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നുമാണ് ഇതിനുള്ള ഡേറ്റ ശേഖരിക്കുന്നത്. 2022ലെ പി എം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. വായുവില്‍ തങ്ങിനില്‍ക്കുന്ന മലിനകണകളാണ് പി എം 2.5. 131 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ആകെ 7,323 നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നത്.
ഏറ്റവും അധികം മലിനീകരണം നടന്ന നഗരം പാകിസ്താനിലെ ലാഹോർ ആണ്. 92.7 പിഎം ലെവലുകളുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിലെ ഭിവാടി ആണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്. ഡൽഹി ഏറ്റവും മലിനീകരിക്കപ്പെട്ട മെട്രോ നഗരമായി മാറി. പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ഡൽഹിയിലെ പിഎം ലെവൽ 92.6 ആണ്.
പട്‌ന, മുസാഫർനഗർ, ധർബംഗ, നോയിഡ, ഗുഡ്ഗാവ്, ബുലന്ദ്ഷഹർ, മീററ്റ്, ചാർഖി ദാദ്രി, ജിന്ദ്, ഗാസിയാബാദ്, ഫരീദാബാദ്, ദാദ്രി, മീററ്റ്, ഹിസാർ, ഗ്രേറ്റർ നോയിഡ എന്നിവയാണ് പട്ടികയിലുള്ള മറ്റു നഗരങ്ങൾ.
ഡൽഹിയുടെ തൊട്ടടുത്ത പട്ടണങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ മലിനീകരണ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗുരുഗ്രാമിലെ 34 ശതമാനത്തിൽ നിന്ന് ഫരീദാബാദിൽ 21 ശതമാനമായി കുറഞ്ഞു. മുൻ വർഷങ്ങളിൽ റിപ്പോർട്ട് താരതമ്യം ചെയ്യുമ്പോൾ നിലവിലെ ശരാശരി പിഎം 2.5 ലെവലിന്റെ അടിസ്ഥാനമാക്കിയാണിത്.
131 രാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. 2022ലെ പിഎം2.5 ന്റെ ലെവൽ 53.3 μg/m3 ആണ്. ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ബുർകീനോ ഫാസോ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുൻപേയുള്ളത്. രാജ്യത്തിന്റെ വാർഷിക ശരാശരി 2021-ൽ രേഖപ്പെടുത്തിയ 58.1 μg/m3 നേക്കാൾ അൽപം വ്യത്യാസം മാത്രമേ കാണിക്കുന്നുള്ളൂ.