ന്യൂഡൽഹി: രാജ്യത്തെ ജനപ്രതിനിധികളിൽ വലിയ ശതമാനം ക്രിമിനൽ കേസ് പ്രതികളാണെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
എംപിമാരും എംഎൽഎമാരുമായി 1765 പേർക്കെതിരെ 3816 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്രം പരമോന്നത കോടതിയെ അറിയിച്ചത്. ഇതിൽ 3045 കേസുകൾ ഇപ്പോഴും കോടതി തീർപ്പാക്കിയിട്ടില്ല. മാഹാരാഷ്ട്രയിലും ഗോവയിലും രജിസ്റ്റർ ചെയ്ത കേസുകൾ ഒഴിച്ചുളള പട്ടികയാണ് ഇത്.
ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിലുളളത്. 248 എംപി, എംഎൽഎമാരുടെ പേരിൽ 565 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. തൊട്ടുപുറകിൽ കേരളം ഉണ്ട്. 113 ജനപ്രതിനിധികളുടെ പേരിൽ 533 കേസുകളാണ് ഉളളത്. തീർപ്പാകാതെ കിടക്കുന്ന കേസുകളിലും ഉത്തർപ്രദേശാണ് മുന്നിൽ. 539 എണ്ണം. കേരളത്തിൽ 373 എണ്ണമാണ് ഇത്തരത്തിൽ കിടക്കുന്നത്.
178 അംഗങ്ങൾക്കെതിരെയായുളള 478 കേസുകളുമായി തമിഴ്‌നാട് മൂന്നാം സ്ഥാനത്താണ്. ഇവിടെ 324 കേസുകൾ കോടതിയുടെ പരിഗണനയിലാണ്. മണിപ്പൂരിലും മിസോറാമിലും ജനപ്രതിനിധികൾക്കെതിരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല.
കുറ്റക്കാരെന്ന് കണ്ടെത്തുന്ന ക്രിമിനൽ കേസ് പ്രതികളെ ആജീവനാന്തം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അഡ്വ. അശ്വനി കുമാർ ഉപാദ്ധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.
2014 മാർച്ചിൽ സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട് ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ജനപ്രതിനിധികൾ കുറ്റക്കാരാകുന്ന കേസുകളിൽ ഒരു വർഷത്തിനുളളിൽ വിധി പുറപ്പെടുവിക്കണമെന്നാണ് പരമോന്നത കോടതി വിധിച്ചത്. 23 ഹൈക്കോടതികളും ഏഴ് നിയമസഭകളും 11 സംസ്ഥാന സർക്കാരുകളുമാണ് വിവരങ്ങൾ നൽകിയത്.
മഹാരാഷ്ട്രയിൽ നിന്നും ഗോവയിൽ നിന്നും ഇത് സംബന്ധിച്ച വിവരം ലഭിച്ചില്ല. ലോക്സഭ സെക്രട്ടേറിയേറ്റ്, രാജ്യസഭ സെക്രട്ടേറിയേറ്റ്, അഞ്ച് നിയമസഭകളും തങ്ങളുടെ പക്കൽ ഇത്തരത്തിലുളള വിവരങ്ങൾ ഇല്ലെന്നാണ് അറിയിപ്പ് നൽകിയത്.