തിരക്കഥാകൃത്തും സംവിധായകനുമായ ജെയിംസ് ടൊബാക്കിനെതിരെ പരാതിയുമായി സത്രീകള്‍ രംഗത്ത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ടൊബാക്ക് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 38 സ്ത്രീകളാണ് പരാതി നല്‍കിയത്. അശ്ലീലമായ കാര്യങ്ങള്‍ സംസാരിക്കുകയും തങ്ങള്‍ക്ക് മുന്‍പില്‍ വച്ച് സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നത് ടൊബാക്കിന്റെ സ്ഥിരം വിനോദങ്ങളായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

അതേസമയം 72കാരനായ ടൊബാക്ക് ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഈ ആരോപണം ഉന്നയിച്ച സ്ത്രീകളെയൊന്നും താന്‍ കണ്ടിട്ടു പോലുമില്ലെന്നും ഇനി ഉണ്ടെങ്കില്‍ തന്നെ വെറും അഞ്ചുമിനിറ്റു നേരത്തേക്കാകും, അതിനാല്‍ ആരെയും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ടൊബാക്ക് പറഞ്ഞു.

നടിമാരായ ഇക്കോ ഡനാന്‍, ടെറി കോണ്‍, ലൂയിസ് പോസ്റ്റ് തുടങ്ങിയവരും സംവിധായകനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും ജോലി ചെയ്യണം എന്നതുകൊണ്ടാണ് പലരും ഒന്നും മിണ്ടാതെ സഹിച്ചു നില്‍ക്കുന്നതെന്ന് പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു.

അതേസമയം, 38 സ്ത്രീകൾ പരാതിയുമായെത്തിയതിനു പുറകെ 193 സ്ത്രീകൾകൂടി ഇതേകാര്യം സംസാരിക്കാനായി തന്നെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്ന് ലോസ് ആഞ്ചെലിസ് റിപ്പോർട്ടർ ഗ്ലെൻ വിപ്പ് വെളിപ്പെടുത്തി.

ദി ഗാംബ്ലര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ടൊബാക്ക് പതിനഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബഗ്സി എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിരുന്നു.

അടുത്തിടെയാണ് ഓസ്കാർ ജേതാവും പ്രമുഖ നിർമ്മാതാവുമായ ഹാർവീ വൈന്‍സ്റ്റീനെതിരെ 36ഓളം സ്ത്രീകൾ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നത്. ആരോപണം പുറത്തു വന്നതിനു പിന്നാലെ അക്കാദമി അവാര്‍ഡ് കമ്മിറ്റി വൈന്‍സ്റ്റിന്‍റെ കസേര തെറിപ്പിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ ആഞ്ചലിന ജോളിയും ഗ്വനത്ത് പാള്‍ട്രോയും ആരോപണങ്ങളുമായി രംഗത്തെത്തിയത് ഹോളിവുഡിനെ ശരിക്കും ഞെട്ടിച്ചിരുന്നു.

ഹോളിവുഡ് നടി അലീസ മിലാനോ തുടങ്ങി വെച്ച മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ പുറത്തുവരുന്നതെന്നും പ്രധാനപ്പെട്ട വസ്തുതയാണ്. തങ്ങള്‍ക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍, അവര്‍ നേരിട്ടിരിക്കുന്ന അതിക്രമങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അലൈസയുടെ ട്വീറ്റ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എത്രത്തോളം ഗൗരവം നിറഞ്ഞ വിഷയമാണെന്ന് ജനങ്ങളെ അറിയിക്കാന്‍ അത് ഉപകരിക്കുമെന്നും അലൈസ ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ