റോം: ഇന്ത്യയില്‍ നിന്ന് കടത്തിയ ട്രമഡോള്‍ മയക്കുഗുളിക ഇറ്റാലിയന്‍ പൊലീസ് പിടികൂടി. ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ക്ക് വേണ്ടി കടത്തിയതാണ് 370 ലക്ഷം ഗുളികകളെന്നാണ് വിവരം.
മൂന്ന് കണ്ടെയ്നറുകളില്‍ പുതപ്പുകളും ഷാംമ്പൂവും ആണെന്ന തരത്തില്‍ പാക്ക് ചെയ്തിരുന്ന മരുന്നുകള്‍ കടത്തവെ ഗെനോവ തുറമുഖത്ത് നിന്നാണ് പിടികൂടിയത്. 75 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന (ഏകദേശം 484 കോടി 28 ലക്ഷംരൂപ) ഗുളികകളാണ് ചരക്കുകപ്പല്‍ മാര്‍ഗം ലിബിയയില്‍ എത്തിക്കാന്‍ ശ്രമിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന വേദന ഇല്ലാതാക്കാന്‍ വേണ്ടി ഭീകരര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി ട്രമഡോള്‍ ഉപയോഗിക്കാറുണ്ടെന്ന് ഇറ്റാലിയന്‍ അന്വേഷണസംഘത്തെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേദനസംഹാരിയായി ഉപയോഗിക്കുന്ന മയക്കുമരുന്നിന് സമാനമായ ഗുളികയാണ് ട്രമഡോള്‍.

ഇസ്ലാമിക് ഭീകരരെ സാമ്പത്തികമായി സഹായിക്കുകയോ, അല്ലെങ്കില്‍ പോരാട്ടത്തില്‍ ശാരീരികക്ഷമത വര്‍ദ്ദിപ്പിച്ച് വേദന ഇല്ലാതാക്കാന്‍ സഹായിക്കാന്‍ വേണ്ടിയോ ആണ് ഇന്ത്യയില്‍ നിന്ന് ചരക്ക് അയച്ചതെന്നാണ് ഇറ്റാലിയന്‍ പൊലീസിന്റെ ഭാഷ്യം. കാപ്റ്റഗണ്‍ എന്ന ഉത്തേജക മരുന്ന് ഐഎസ് ഭീകരവാദികള്‍ ഉപയോഗിക്കാറുള്ളതായി വിവരം പുറത്തുവന്നിരുന്നു. വിശപ്പും ദാഹവും തളര്‍ച്ചയും പേടിയും ഇല്ലാതാക്കാനാണ് ഭീകരവാദികള്‍ കാപ്റ്റഗണ്‍ ഉപയോഗിക്കുന്നത്.

നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ കുട്ടിപ്പോരാളികള്‍ക്ക് ട്രമഡോള്‍ കൊടുത്താണ് ഭീകരവാദത്തിന് വിടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുളള ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ചരക്ക് കയറ്റി അയച്ചതെന്ന് ഇറ്റാലിയന്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനി ദുബായ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഇറക്കുമതിക്കാരന് ഒന്നരക്കോടിയോളം രൂപയ്ക്കാണ് ഗുളികകള്‍ വിറ്റതെന്നും കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടത്തിയ ചരക്ക് പിന്നീട് അപ്രത്യക്ഷമാവുകയും ഇറ്റലിയില്‍ നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു. ലിബിയയില്‍ ഒരു ട്രമഡോള്‍ ഗുളിക രണ്ട് ഡോളര്‍ നിരക്കിലാണ് വില്‍പന നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ