ന്യൂഡൽഹി: ഉറക്കത്തിൽ പാമ്പുകടിയേറ്റ അമ്മയും വിഷബാധയേറ്റ ശരീരത്തിൽ നിന്ന് മുലപ്പാൽ കുടിച്ച കുഞ്ഞും മരിച്ചു. ഉത്തർപ്രദേശ് സ്വദേശിനിയായ 35കാരിയും ഇവരുടെ മൂന്നു വയസുകാരിയായ പെൺകുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച വിഷബാധയേറ്റ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇരുവരും ആശുപത്രിയിലെത്തും മുൻപ് മരിച്ചതായാണ് യുപി പൊലീസ് അറിയിച്ചിരിക്കുന്നത്.

എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് സ്ഥലം ഇൻസ്‌പെക്ടർ വിജയ് സിങ് ഇക്കാര്യം പറഞ്ഞത്. അമ്മയും കുഞ്ഞും കിടന്നതിന്റെ തൊട്ടടുത്ത മുറിയിൽ കുടുംബാംഗങ്ങൾ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പാമ്പുകടിയേറ്റെന്ന സംശയം ഉയർന്നത്. പാമ്പിനെ പിടികൂടാൻ കുടുംബാംഗങ്ങൾക്ക് സാധിച്ചില്ല.

അതേസമയം, മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. അസ്വാഭാവിക മരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൊലീസ് എഴുതിയിരിക്കുന്നത്.

ഇന്ത്യയിൽ 300 ലധികം വിഭാഗങ്ങളിലെ പാമ്പുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 60 വിഭാഗങ്ങൾ മാരകമായ വിഷമുളളവയാണ്. അമേരിക്കയിലെ ട്രോപിക്കൽ മെഡിസിൻ ആന്റ് ഹൈജീൻ നടത്തിയ പഠനത്തിൽ ലോകത്ത് പാമ്പുകടിയേറ്റ് മരിക്കുന്നതിന്റെ 46 ശതമാനവും ഇന്ത്യയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരാശരി ഒരു ലക്ഷം പേരാണ് ലോകത്ത് ഒരു വർഷം പാമ്പുകടിയേറ്റ് മരിക്കുന്നത്. ഇവരിൽ 46000 പേരും ഇന്ത്യക്കാരാണെന്നാണ് പഠനത്തിലൂടെ വ്യക്തമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ