ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതല്ലെന്ന് കണക്കുകൾ. വിദേശത്തുനിന്നും ഡൽഹി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 345 പേർക്ക് കോവിഡ് പരിശോധന നടത്തി. ഞായറാഴ്ച രാത്രി ഏഴു വരെയുള്ള കണക്കാണിത്. ഏകദേശം 25000 ത്തോളം യാത്രക്കാരാണ് ഡൽഹി വിമാനത്താവളത്തിൽ എത്തുന്നത്. ഇതിൽ 500 പേർക്കാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. ആദ്യ ദിവസം ഏകദേശം 110 ടെസ്റ്റുകൾ നടത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിശോധിച്ചവരിൽ ചുരുക്കം ചിലർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യാന്തര യാത്രക്കാരിൽ കോവിഡ് ബാധ സ്ഥിരികരിക്കുന്നത് കുറയുന്നത് രാജ്യത്തിന് ആശ്വാസമേകുന്ന വാർത്തയാണ്. അതിനിടെ, ഇന്ന് 196 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 0.56 ശതമാനമാണ് ടിപിആർ. സജീവ കേസുകളുടെ എണ്ണം 3,428 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിമാനത്താവളങ്ങളിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരിൽ രണ്ടു ശതമാനം പേർക്ക് കേന്ദ്രസർക്കാർ കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. കോവിഡിന്റെ പുതിയ വകഭേദങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും ബോർഡിങ് പോയിന്റുകളിൽ കോവിഡ് പരിശോധന നിർബന്ധിതമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴും കുറയുന്നതായാണ് ട്രെൻഡുകൾ കാണിക്കുന്നത്. ഒരു ദിവസം ശരാശരി 153 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.