scorecardresearch

തന്റേതല്ലാത്ത ഫെയ്സ്ബുക്ക് പോസ്റ്റ്; 604 ദിവസം സൗദി ജയിലിൽ; ഒടുവിൽ നിരപരാധിത്വം തെളിയിച്ച് ഹരീഷ് തിരിച്ചെത്തി

34 കാരനായ ഹരീഷിനെതിരെ ചുമത്തപ്പെട്ട കുറ്റം പ്രകാരം അദ്ദേഹത്തിന് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കുമായിരുന്നു

തന്റേതല്ലാത്ത ഫെയ്സ്ബുക്ക് പോസ്റ്റ്; 604 ദിവസം സൗദി ജയിലിൽ; ഒടുവിൽ നിരപരാധിത്വം തെളിയിച്ച് ഹരീഷ് തിരിച്ചെത്തി

സാമൂഹ്യമാധ്യമങ്ങളിലൂടെ സൗദി കീരിടാവകാശിയെയും ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തപ്പെട്ട് 604 ദിവസം സൗദി ജയിലിൽ കഴിഞ്ഞ കർണാടക സ്വദേശി തിരികെ നാട്ടിലെത്തി. ഉഡുപ്പി ജില്ലയിൽ നിന്നുള്ള എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ ഹരീഷ് ബെംഗേരയാണ് ജയിൽമോചിതനായി മടങ്ങിയെത്തിയത്.

34 കാരനായ ഹരീഷ് ബെംഗേരയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റം പ്രകാരം അദ്ദേഹത്തിന് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കുമായിരുന്നു. എന്നാൽ ഉഡുപ്പി പോലീസ് നടത്തിയ അന്വേഷണത്തിൽ ഹരീഷെന്ന വ്യാജേന മറ്റൊരാളാണ് സാമൂഹ്യമാധ്യമങ്ങളിൽ പരാമർശം നടത്തിയതെന്ന് കണ്ടെത്തിയതോടെ അദ്ദേഹം മോചിതനാവുകയായിരുന്നു.

സൗദിയിലെ ദമ്മാമിൽ ജോലി ചെയ്യുകയായിരുന്ന ബെംഗേര 2019 ഡിസംബർ 22 നാണ് അറസ്റ്റിലായത്. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനായുള്ള പദ്ധതികളെയും പിന്തുണയ്ക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പങ്കുവെയ്ക്കുകയും അതിൽ അദ്ദേഹത്തിന്റെ തൊഴിലുടമ പ്രതിഷേധം അറിയിത്തുകയും ചെയ്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു അറസ്റ്റ്.

“പോസ്റ്റ് പങ്കുവെച്ചതിൽ ക്ഷമ ചോദിക്കുന്ന ഒരു വീഡിയോ ഞാൻ പുറത്തിറക്കി. എന്നിരുന്നാലും, ഞാൻ എഴുതിയ പോസ്റ്റിനു വേണ്ടിയായിരുന്നുവെന്ന് ഞാൻ പരാമർശിച്ചിരുന്നില്ല, പിന്നീട് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിർജ്ജീവമാക്കി,” ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയ ബെംഗേര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

എന്നാൽ താമസിയാതെ, അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടു. അതിൽ സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഒരു സമുദായത്തിനും എതിരെ അപകീർത്തികരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അത് അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു.

തുടർന്ന് ഉഡുപ്പിയിൽ അദ്ദേഹത്തിന്റെ പത്നി സുമന ഈ വിഷയത്തിൽ ജില്ലാ പോലീസിൽ പരാതി നൽകി. അജ്ഞാതർ ബങ്കേരയുടെ പേരിൽ ഫേസ്ബുക്കിൽ ആൾമാറാട്ടം നടത്തിയതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരാതി.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബറിൽ, ദക്ഷിണ കാനറ ജില്ലയിലെ മൂഡ്ബിദ്രി പട്ടണത്തിൽ നിന്നുള്ള സഹോദരങ്ങളായ അബ്ദുൾ ഹുവൈസ്, അബ്ദുൽ തുവൈസ് എന്നിവരെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തു. സി‌എ‌എയെയും എൻ‌ആർ‌സിയെയും പിന്തുണയ്ക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ച ബെംഗേരയോടുള്ള ദേഷ്യത്തിൽ അവരാണ് വ്യാജ അക്കൗണ്ടുണ്ടാക്കി പോസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ ഉഡുപ്പി ജില്ലാ പോലീസ് 10 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം വിദേശകാര്യ മന്ത്രാലയം വഴി സൗദി അധികൃതരുമായി പങ്കുവയ്ക്കുകയും വിവർത്തനം ചെയ്തു നൽകുകയും ചെയ്തതായി ഉഡുപ്പി എസ്പി എൻ വിഷ്ണുവർദ്ധൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് സൗദി അധികൃതർ ബംഗേരയെ വിട്ടയച്ചത്.

ബെംഗളൂരു എയർപോർട്ടിൽ ബുധനാഴ്ചയെത്തിയ ബെംഗേര യ്ക്ക്, 19 മാസങ്ങൾക്ക് ശേഷം തന്റെ നാല് വയസ്സുള്ള മകളെ കണ്ടപ്പോൾ കണ്ണുനീർ നിയന്ത്രിക്കാനായില്ല. “മറ്റാരോ ഉണ്ടാക്കിയ പോസ്റ്റുകളാണ് എന്നെ ഒരു തീവ്രവാദിയെപ്പോലെയാക്കിയത്. ഞാനും എന്റെ കുടുംബവും ഭയാനകമായ സമയങ്ങളിലൂടെ കടന്നുപോയി, ”അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഞാൻ ജയിലിലാകുന്നതിന് മുമ്പ്, ഞാൻ എന്റെ ഭാര്യയ്ക്കും മകൾക്കും ദിവസത്തിൽ മൂന്ന്-നാല് തവണ വീഡിയോ കോളുകൾ ചെയ്യുമായിരുന്നു. ജയിലിലായതിന് ശേഷം ഞാൻ അവരോട് കഷ്ടിച്ച് കുറച്ച് സമയം മാത്രം സംസാരിച്ചു, ” ബെംഗേര പറഞ്ഞു.

തനിക്ക് നീതി ലഭിക്കുമെന്ന് തനിക്ക് എപ്പോഴും വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നാൽ 604 ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ഞാൻ മോചിതനായത്,” എന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് നാട്ടിൽ തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും പ്രതികൾക്കെതിരായ കേസ് പ്രാദേശിക കോടതിയിൽ വിചാരണയിലാണെന്നും എസ്പി വിഷ്ണുവർധൻ പറഞ്ഞു,

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 34 year old is home after 604 days in saudi prison for an facebook post he didnt make