ന്യൂഡൽഹി: കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പെടെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകളിലും പോസിറ്റീവ് നിരക്കിലും കുറവുണ്ടായാതായി കേന്ദ്രസർക്കാർ. അതേസമയം, കേരളം, മിസോറാം തുടങ്ങിയ സംസ്ഥനങ്ങളിൽ വ്യാപനം രൂക്ഷമാണെന്നും കേസുകളും പോസിറ്റിവിറ്റി നിരക്കും ഉയർന്നു തന്നെ നിൽക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു.
രാജ്യത്തുടനീളമുള്ള 268 ജില്ലകളിൽ രോഗവ്യാപനം കുറയുകയും പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായി കുറയുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യവ്യാപകമായി അതിവേഗം പൂർത്തിയാകുന്ന വാക്സിനേഷൻ മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചെന്നും കേന്ദ്രം പറഞ്ഞു.
രാജ്യത്തുടനീളമുള്ള ഏകദേശം 297 ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, 169 ഓളം ജില്ലകളിൽ 5 മുതൽ 10 ശതമാനം വരെയാണ് പോസിറ്റിവിറ്റി നിരക്കെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
16 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോടകം ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയതായും, നാല് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 96 മുതൽ 99 ശതമാനം വരെ പൂർത്തിയാക്കിയതായും സർക്കാർ വ്യക്തമാക്കി.
Also Read: ആശ്വാസ കണക്ക്; രോഗികൾ കുറഞ്ഞു, ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,677 പേര്ക്ക്
ലഭ്യമായ ഡാറ്റ അനുസരിച്ച്, കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം, മുൻ വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി, ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളിൽ കൂടുതൽ സങ്കീർണതകളോ മരണങ്ങളോ ഉണ്ടാക്കുന്നില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ കാര്യത്തിൽ അതാത് സംസ്ഥാങ്ങൾക്ക് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. 11 സംസ്ഥാനങ്ങളിൽ പൂർണ്ണമായും 16 സംസ്ഥാനങ്ങളിൽ ഭാഗികമായും സ്കൂളുകൾ പ്രവർത്തനം പുനരാരംഭിച്ചതായും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.