ഭോപ്പാൽ: ഒന്നിന് പുറകെ ഒന്നായി 33 പേരെ കൊന്നിട്ടും ഒരു ചുക്കും സംഭവിക്കാത്ത നിലയിൽ ഇന്ത്യയിൽ ഒരു മനുഷ്യൻ എട്ട് വർഷം ജീവിച്ചു. ഒരൊറ്റ തവണ പോലും പിടിക്കപ്പെടാതെ! ഒടുവിൽ അയാളെ പൊലീസ് പിടിച്ചത് മോഷ്ടാവെന്ന് കരുതി. പക്ഷെ പ്രതി പൊലീസ് പിടിയിൽ താൻ ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ പട്ടിക തുറന്നപ്പോൾ വാ പൊളിച്ചത് പൊലീസും.
അശോക് കാംമ്പ്ര എന്ന 48 കാരനാണ് ഭോപ്പാൽ പൊലീസിന്റെ പിടിയിലായത്. തയ്യൽക്കാരനായി ജോലി ചെയ്യുന്ന ഇയാൾ ഇതിനോടകം വാടക കൊലയാളിയായും നിരവധി ക്രമിനൽ സംഘങ്ങളിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ടെന്ന് പൊലീസിനോട് പറഞ്ഞു.
കുറച്ച് ദിവസം മുൻപാണ് കാംമ്പ്രയെ ഭോപ്പാലിനടുത്ത് വച്ച് പൊലീസ് പിടികൂടുന്നത്. 50 ടൺ ഇരുമ്പ് കമ്പികളുമായി വന്ന ട്രക്ക് കാണാതായതിനെ തുടർന്നുളള അന്വേഷണത്തിന്റെ അവസാനത്തിലായിരുന്നു ഇത്. ഒരു സ്വകാര്യ കമ്പനിയുടെ പരാതിയിൽ ഓഗസ്റ്റ് 12 നാണ് കേസ് റജിസ്റ്റർ ചെയ്തത്.
ട്രക്ക് ഡ്രൈവറുടെ മൃതദേഹം ബിൽക്കിരിയയിൽ നിന്നും ഒഴിഞ്ഞ ട്രക്ക് അയോധ്യ നഗറിൽ നിന്നും കണ്ടെത്തി. ഇരുമ്പ് കമ്പികൾ വിൽക്കുകയും വാങ്ങുകയും ചെയ്ത ഏഴ് പേരെ പിന്നീട് പൊലീസ് പിടികൂടി. ഇവരിൽ നിന്നാണ് കാംമ്പ്രയിലേക്കുളള തുമ്പ് കിട്ടുന്നത്.
ഭോപ്പാലിൽ റോഡരികിലുളള തട്ടുകടയിൽ വച്ചാണ് പ്രതി ട്രക്ക് ഡ്രൈവർമാരുമായി സൗഹൃദം സ്ഥാപിക്കാറുളളത്. പിന്നീട് ഡ്രൈവർമാരറിയാതെ അവരുടെ ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ പൊടിച്ച് ചേർക്കും. പിന്നീട് ഇവരെ ട്രക്കിൽ കയറ്റിയ ശേഷം കാംമ്പ്ര ട്രക്ക് ഓടിച്ച് ദൂരെ കാട്ടിലേക്ക് പോകും. ഇവിടെ വച്ച് ഡ്രൈവറെയും കൂട്ടാളിയുണ്ടെങ്കിൽ അയാളെയും വകവരുത്തും. പിന്നീട് ട്രക്കിലെ ഉൽപ്പന്നങ്ങൾ എന്തായാലും അവ മറിച്ചു വിൽക്കും. ഒപ്പം ട്രക്കും വിൽക്കും.
കൊലയാളിയുടെ വെളിപ്പെടുത്തലോടെ മൂന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നും തെളിയിക്കപ്പെടാത്ത ട്രക്ക് ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും കൊലപാതക കേസുകളുടെ വിവരങ്ങൾ പൊലീസ് തേടിയിട്ടുണ്ട്.
മണ്ഡിദീപ് വ്യവസായ മേഖലയിൽ തയ്യൽക്കാരനായാണ് ഇയാൾ പ്രവർത്തനം തുടങ്ങിയത്. 2010 ൽ ഝാൻസിയിൽ നിന്നുളള ഗുണ്ടാ സംഘവുമായി ഇയാൾ അടുത്തു. ട്രക്ക് ഡ്രൈവർമാരുമായി സൗഹൃദം സ്ഥാപിച്ച് ഇവരെ വഴിയോരത്തുളള ഏതെങ്കിലും ബാറിലേക്ക് എത്തിക്കാനായിരുന്നു ആദ്യത്തെ ചുമതല. പിന്നീടിത് മാറി, കാംമ്പ്ര തന്നെ കൊലപാതകങ്ങൾ നേരിട്ട് ചെയ്യാൻ തുടങ്ങി.
തുടക്കത്തിൽ 50000 രൂപയായിരുന്നു കാംമ്പ്രയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നത്. എന്നാൽ കാംമ്പ്രയുടെ മകന് വാഹനാപകടത്തിൽ പരുക്കേറ്റതോടെ ശസ്ത്രക്രിയ വേണ്ടി വന്നു. ഇതിനായി അയാൾ വായ്പയെടുത്തു. പിന്നീട് ഇത് തിരിച്ചടയ്ക്കാൻ പണത്തിനായി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു.
കാംമ്പ്രയുടെ വെളിപ്പെടുത്തലുകൾ ശരിയാണോയെന്ന് പരിശോധിക്കുകയാണിപ്പോൾ പൊലീസ്. കാംമ്പ്രയ്ക്ക് വെളിപ്പെടുത്തിയ സംഭവങ്ങളിലൊന്നും കുറ്റബോധം തീരെയില്ലെന്നാണ് പൊലീസ് പറയുന്നത്. മാനസിക രോഗ വിദഗ്ധന്റെ സഹായം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.