കൊച്ചി: തോപ്പുംപടി ഹാർബറിൽ നിന്നും വിഴിഞ്ഞം ഹാർബറിൽ നിന്നും ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ ബ്രിട്ടീഷ് നാവികസേന പിടികൂടി. തിരുവനന്തപുരത്ത് നിന്ന് പോയ മെർമെയ്‌ഡ് ബോട്ട്, തോപ്പുംപടിയിൽ നിന്ന് പോയ അൽ അമീൻ ബോട്ട് എന്നിവയാണ് പിടിയിലായത്. രണ്ട് ബോട്ടിലുമായി 32 മലയാളി-തമിഴ് ജീവനക്കാരുണ്ടായിരുന്നു. ഇവരെല്ലാം ബ്രിട്ടീഷ് നാവികസേനയുടെ പിടിയിലാണ്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ഉടമസ്ഥതിയിലുള്ള ഡീഗോ ഡാർഷ്യ ദ്വീപിലേക്ക് ഇവരെ കൊണ്ടുപോയെന്നാണ് വിവരം. അമേരിക്കൻ നാവികസേനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ കേന്ദ്രമാണിവിടം. ബ്രിട്ടന്റെ സമുദ്രാതിർത്തിയിൽ അതിക്രമിച്ച് കടന്ന് മത്സ്യബന്ധനം നടത്തിയതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം പുത്തൻതുറയിലെ ജൂഡ് ആൽബർട്ടിന്റേതാണ് മെർമെയ്ഡ് എന്ന ബോട്ട്, പള്ളുരുത്തി തങ്ങൾ നഗറിലെ ഹുസൈന്റെ ബോട്ടാണ് അൽ അമീൻ. ഇരുപത് ദിവസം മുൻപാണ് ബോട്ടുകൾ തീരം വിട്ടത്. ഈ മാസം ഒന്നിന് മത്സ്യത്തൊഴിലാളികൾ പിടിയിലായെന്നാണ് വിവരം.

അൽ അമീൻ ആദ്യമായാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയത്. മെർമെയ്‌ഡ് മുൻപും പോയിട്ടുണ്ട്. മെർമെയ്‌ഡിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശികൾ വീട്ടിലേക്ക് ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കേരള തീരത്ത് നിന്നും 1500 നോട്ടിക്കൽ മൈൽ അകലെയാണ് ഇവർ മത്സ്യബന്ധനത്തിന് എത്തിയത്.  കൊച്ചി സ്വദേശി അഷ്റഫ്, തിരുവനന്തപുരം അടിമലത്തുറ സ്വദേശി ജോസ്, പുല്ലുവിള സ്വദേശി ലൂയിസ് വിൻസന്റ്, പുതിയതുറ സ്വദേശി വർഗ്ഗീസ്, പൂന്തുറ സ്വദേശികളായ സ്റ്റീഫൻ, സാജൻ, വിഴിഞ്ഞം സ്വദേശികളായ സുരേഷ്, ബിനു,  യേശുദാസൻ, വി.സുരേഷ്, പ്രബിൻ, ശവരിയാർ, എ.സുരേഷ് എന്നിവരാണ് പിടിയിലായ മലയാളികൾ. മറ്റുള്ളവർ കന്യാകുമാരി ജില്ലയിൽ നിന്നുള്ളവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ