ന്യൂഡല്‍ഹി: വിരമിച്ച ഏതാനും ജഡ്ജിമാര്‍ ‘ഇന്ത്യാ വിരുദ്ധ സംഘ’ത്തിന്റെ ഭാഗമാണെന്ന കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് രാജ്യത്തെ 300ഓളം അഭിഭാഷകര്‍. നിയമമന്ത്രിയുടെ പരാമര്‍ശത്തെ അപലപിച്ചുള്ള കത്തില്‍ മന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
‘രാജ്യത്തുടനീളമുള്ള വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരായ ഞങ്ങള്‍ ഒരു മാധ്യമ സ്ഥാപനം തത്സമയം സംപ്രേഷണം ചെയ്ത കോണ്‍ക്ലേവില്‍ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, ഇന്ത്യന്‍ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിമാര്‍ക്കെതിരെ നടത്തിയ അനാവശ്യ ആക്രമണത്തെ അപലപിക്കുന്നു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ ജീവിതം സമര്‍പ്പിച്ച ആളുകള്‍ക്കെതിരായ ദേശവിരുദ്ധ ആരോപണങ്ങളും അവര്‍ക്കെതിരായ പ്രതികാരത്തിന്റെ നഗ്‌നമായ ഭീഷണിയും നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ പൊതുമധ്യത്തില്‍ ഒരു പുതിയ താഴ്ച്ചയെ അടയാളപ്പെടുത്തുന്നയായും’ കത്തില്‍ പറയുന്നു.
മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വി, കപില്‍ സിബല്‍, അരവിന്ദ് ദാതര്‍, ഇഖ്ബാല്‍ ചഗ്ല, ജനക് ദ്വാരകാദാസ്, ഹരി ആനി, രാജു രാമചന്ദ്രന്‍, ദുഷ്യന്ത് ദവെ, ഇന്ദിരാ ജയ്സിംഗ്, രാജശേഖര്‍ റാവു, സഞ്ജയ് സിംഗ്വി എന്നിവര്‍ ഉള്‍പ്പെടെ ഒപ്പിട്ട 323 അഭിഭാഷകരാണ് കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് പ്രസ്താവന ഇറക്കിയത്.
ഡല്‍ഹിയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിച്ച നിയമമന്ത്രി. ‘ഇന്ത്യ വിരുദ്ധ സംഘത്തിന്റെ’ ഭാഗമായ വിരമിച്ച ജഡ്ജിമാര്‍ ജുഡീഷ്യറിയെ പ്രതിപക്ഷ പാര്‍ട്ടിയുടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ്, പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ജുഡീഷ്യറിയെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗമായ ആക്ടിവിസ്റ്റുകളായ കുറച്ച് ജഡ്ജിമാരുണ്ടെന്നും കിരണ്‍ റിജിജു പറഞ്ഞു. അടുത്തിടെ ജഡ്ജിമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു സെമിനാര്‍ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയോ ഭരണം ജുഡീഷ്യറിയെ എങ്ങനെ ബാധിക്കുന്നുവെന്ന് സെമിനാറായി മാറിയെന്നും മന്ത്രി പറഞ്ഞിരുന്നു.