/indian-express-malayalam/media/media_files/uploads/2017/10/love-jihad-1.jpg)
ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍ക്കു 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ഇതിനെതിരായ ഹർജി തള്ളാൻ സർക്കാർ ആവശ്യപ്പെട്ടു.
വിവിധ കക്ഷികളുടെ താൽപര്യത്തിന് മതിയായ സുരക്ഷ ഏർപ്പെടുത്തുക എന്നതാണ് നിയമത്തിന് പിന്നിലെ ലക്ഷ്യമെന്നും 30 ദിവസത്തിനുള്ളിൽ ആരെങ്കിലും വിവാഹത്തിന് എതിർപ്പ് ഉന്നയിക്കുകയാണെങ്കിൽ, അതേക്കുറിച്ച് അന്വേഷണം നടത്തി പൂർത്തിയാകുന്നതു വരെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ വിവാഹത്തിന് സമ്മതിക്കില്ലെന്നും നിയമ- മന്ത്രാലയം മറുപടിയിൽ പറഞ്ഞു.
“നിയമത്തിലെ ഏഴാം വകുപ്പിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും നൽകിയിട്ടില്ലെങ്കിൽ വ്യക്തിയുടെ വിശ്വാസ്യത പരിശോധിക്കാൻ കഴിയില്ലായിരിക്കാം,” കോടതി നോട്ടീസിന് നൽകിയ മറുപടിയിൽ സർക്കാർ നടപടിക്രമങ്ങൾ വ്യക്തമാക്കി. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമം “ന്യായവും നീതിയുക്തവുമാണ്”. നിയമപ്രകാരം വിവാഹം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിയമത്തിന്റെ പിന്നിലെ ഉദ്ദേശ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.
Read More: 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമല്ല; സ്പെഷൽ മാര്യേജ് ആക്ടിൽ സുപ്രധാന വിധി
നിയമത്തിലെ 6, 7 വകുപ്പുകൾ പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ തങ്ങളെ നേരിട്ട് ബാധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിച്ചതിനെ തുടർന്ന് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ വർഷം കേന്ദ്രത്തിന് നോട്ടീസ് നൽകിയിരുന്നു. 30 ദിവസത്തെ നോട്ടീസ് എന്ന ആശയം മിശ്ര വിവാഹങ്ങളെ മുഴുവനായും നിരുത്സാഹപ്പെടുത്തുന്നതാണെന്ന് ഹർജിക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഉത്‌കർഷ് സിങ് വാദിച്ചിരുന്നു.
വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കുള്ള തടസം നീക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി അടുത്തിടെ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍ക്കു 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമല്ലെന്നായിരുന്നു കോടതി വിധി.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വ്യക്തികൾക്ക് 30 ദിവസത്തെ നോട്ടീസിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കിയ, വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമങ്ങളെ ബാധിക്കാനിടയുള്ളതായിരുന്നു വിധി. പ്രത്യേക വിവാഹ നിയമം കേന്ദ്ര നിയമമായതിനാല്‍, രാജ്യത്തുടനീളമുള്ള മിശ്രവിവാഹ ദമ്പതികള്‍ക്ക് ഗുണം ചെയ്യുന്ന വിധിയായിരുന്നു ഇത്.
”നോട്ടീസ് പ്രസിദ്ധീകരിക്കുന്നതിനും വിവാഹത്തിന് എതിര്‍പ്പുകള്‍ ക്ഷണിക്കുന്നതിനും നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1954 ലെ നിയമത്തിലെ ആറ്, ഏഴ്, 46, വകുപ്പുകളുടെ വ്യാഖ്യാനം മൗലികാവശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം. അവകാശങ്ങള്‍ ലംഘിക്കുന്നതായിരിക്കരുത്. പുതുതായി കൊണ്ടുവന്ന നിയമമനുസരിച്ച് സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും മൗലികാവകാശങ്ങളില്‍ അവര്‍ കടന്നുകയറും. ഭരണകൂടത്തിന്റെയും ഇതര കക്ഷികളുടെയും ഇടപെടല്‍ കൂടാതെ വ്യക്തികള്‍ക്കു പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടെ കടന്നുകയറ്റമുണ്ടാകും,” ഉത്തരവില്‍ ജസ്റ്റിസ് വിവേക് ചൗധരി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us