ന്യൂഡൽഹി: വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കുള്ള തടസം നീക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍ക്കു 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വ്യക്തികൾക്ക് അവരുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള 30 ദിവസത്തെ നോട്ടീസിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കിയ, വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമങ്ങളെ ബാധിക്കാനിടയുള്ളതാണു വിധി. പ്രത്യേക വിവാഹ നിയമം കേന്ദ്ര നിയമമായതിനാല്‍, രാജ്യത്തുടനീളമുള്ള മിശ്രവിവാഹ ദമ്പതികള്‍ക്ക് വിധി ഗുണം ചെയ്യും.
മതം നോക്കാതെയുള്ള വിവാഹങ്ങള്‍ക്ക് അനുമതി നൽകുന്ന സ്പെഷ്യൽ മാര്യേജ് ആക്ടിലെ അഞ്ചാം വകുപ്പ്, ഇതിനായി 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നു വ്യക്തമാക്കുന്നു. ഈ നോട്ടീസ്, വിവാഹത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവാഹം റജിസറ്റര്‍ ചെയ്തുനല്‍കുന്ന ഓഫീസില്‍ പ്രദര്‍ശിപ്പിക്കും.
Read Also: വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം കുറ്റകരം; യുപിയിൽ ലൗ ജിഹാദ് നിയമം പ്രാബല്യത്തിൽ
”നോട്ടീസ് പ്രസിദ്ധീകരിക്കുന്നതിനും വിവാഹത്തിന് എതിര്‍പ്പുകള്‍ ക്ഷണിക്കുന്നതിനും നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1954 ലെ നിയമത്തിലെ ആറ്, ഏഴ്, 46, വകുപ്പുകളുടെ വ്യാഖ്യാനം മൗലികാവശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം. അവകാശങ്ങള്‍ ലംഘിക്കുന്നതായിരിക്കരുത്. പുതുതായി കൊണ്ടുവന്ന നിയമമനുസരിച്ച് സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും മൗലികാവകാശങ്ങളില്‍ അവര്‍ കടന്നുകയറും. ഭരണകൂടത്തിന്റെയും ഇതര കക്ഷികളുടെയും ഇടപെടല്‍ കൂടാതെ വ്യക്തികള്‍ക്കു പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടെ കടന്നുകയറ്റമുണ്ടാകും,” ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് വിവേക് ചൗധരി പറഞ്ഞു.
”1954 ലെ നിയമപ്രകാരം വിവാഹിതരാകാന്‍ അപേക്ഷിക്കുന്ന വ്യക്തികള്‍ക്കു തങ്ങളുടെ പങ്കാളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 30 ദിവത്തെ മുന്‍കൂര്‍ നോട്ടീസ് പ്രസിദ്ധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ തിരഞ്ഞെടുക്കാം,” ജസ്റ്റിസ് വിവേക് ചൗധരി പറഞ്ഞു.
അത്തരം നോട്ടീസ് പ്രസിദ്ധീകരിക്കുന്നതും തുടര്‍ന്നുള്ള നടപടിക്രമങ്ങളും സ്വതന്ത്ര മനസോടെ സ്വീകരിക്കുന്നതിനാല്‍ അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി അംഗീകരിച്ച 2017ലെ ആധാര്‍ കേസില്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് ചൗധരിയുടെ ഉത്തരവ്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം മൗലികാവകാശമാണെന്ന ഹാദിയ കേസിലെ 2018 ലെ വിധിയും ഇതേ വര്‍ഷം തന്നെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന വിധിയും ഇക്കൂട്ടത്തില്‍ പെടുന്നു.
Read Also: വശീകരിച്ച് മതംമാറ്റാൻ ശ്രമമെന്ന് പരാതി; യുപിയിൽ ‘ലൗ ജിഹാദ്’ നിയമത്തിന്റെ പരിധിയിൽ ആദ്യ കേസ്
വ്യത്യസ്ത മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്നവർ തമ്മിലുള്ള വിവാഹത്തിനുവേണ്ടി 1872ലാണ് സ്പെഷ്യൽ മാര്യേജ് ആക്ടിന് ആദ്യം രൂപം നൽകിയത്. ഇതിൽ പലകാലങ്ങളിൽ പരിഷ്കാരങ്ങളുണ്ടായെങ്കിലും ആ കാലത്തെ കാഴ്ചപ്പാടുകൾ പ്രകാരമുള്ള പല വ്യവസ്ഥകളും 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ടിൽ നിലനിർത്തി. 30 ദിവസത്തെ നോട്ടീസ് പ്രത്യേക വിവാഹ നിയമത്തിലെ വ്യവസ്ഥ മതേതര നിയമപ്രകാരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ക്കു പലപ്പോഴും തടസമാണെന്ന് തിരിച്ചറിഞ്ഞാണ് ജസ്റ്റിസ് ചൗധരി വിഷയം കൈകാര്യം ചെയ്തത്.
ഹിന്ദു മതം സ്വീകരിച്ച സഫിയ സുല്‍ത്താനയുടെ റിട്ട് പെറ്റീഷനായാണ് കേസ് ആദ്യം കോടതിക്കു മുന്നിലെത്തിയത്. സഫിയ സുല്‍ത്താന ഹിന്ദു ആചാരപ്രകാരം അഭിഷേക് കുമാര്‍ പാണ്ഡെയെ വിവാഹം കഴിക്കാന്‍ സിമ്രാന്‍ എന്ന പേര് സ്വീകരിച്ചു. വിവാഹത്തെ അംഗീകരിക്കാതിരുന്ന പിതാവ് തന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിമ്രാന്റെ പരാതി.
സിമ്രാനുമായും പിതാവുമായും സംസാരിച്ച കോടതി, ദമ്പതികള്‍ അവരുടെ ആഗ്രഹപ്രകാരം വിവാഹിതരാണെന്ന് കണ്ടെത്തി. ദമ്പതികള്‍ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും 30 ദിവസത്തെ നോട്ടീസ് എന്ന തടസം മതപരിവര്‍ത്തനത്തിന്റെ വഴി സ്വീകരിക്കാന്‍ സഫിയ സുല്‍ത്താനയെ നിര്‍ബന്ധിതമാക്കിയെന്നും കോടതിക്കു ബോധ്യമായി.
Also Read: ‘ലൗ ജിഹാദ്’: പുതിയ നിയമങ്ങളും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ദൂരവും
വിവാഹത്തിനു മതേതര നിയമം ഉണ്ടായിരുന്നിട്ടും രാജ്യത്ത് ഭൂരിപക്ഷം വിവാഹങ്ങളും നടക്കുന്നത് മതപരമായ ആചാരങ്ങള്‍ക്കനുസൃതമായാണെന്നു കോടതി വിലയിരുത്തി. വ്യക്തിനിയമപ്രകാരം നടക്കുന്ന വിവാഹങ്ങള്‍ക്ക് എതിര്‍പ്പ് അറിയിക്കാന്‍ നോട്ടീസ് ആവശ്യമില്ല. അത്തരമൊരു ആവശ്യം മതേതര നിയമത്തില്‍ കാലഹരണപ്പെട്ടതാണെന്നും ദമ്പതികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ചൗധരി ഉത്തരവില്‍ വ്യക്തമാക്കി.
വിവാഹത്തിലൂടെയുള്ള മതം പരിവര്‍ത്തനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് അടുത്തിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്നത്. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു ജില്ലാ മജിസ്ട്രേറ്റിന് 60 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കുന്നതാണു പ്രസ്തുത നിയമം. മതപരിവര്‍ത്തനത്തിനു പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും നിയമം അനുശാസിക്കുന്നു.
മതപരിവര്‍ത്തനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന നോട്ടീസ് നിര്‍ബന്ധമാക്കിയ ഹിമാചല്‍ പ്രദേശ് മതസ്വാതന്ത്ര്യ നിയമം 2006 ലെ വ്യവസ്ഥകള്‍ 2012 ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2006 ലെ കോടതി റദ്ദാക്കിയ നിയമം അതേ വ്യവസ്ഥകളോടെ 2019 ല്‍ സംസ്ഥാനം വീണ്ടും കൊണ്ടുവന്നിരുന്നു.