ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്ന് വയസുകാരന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. യു ടേണ്‍ എടുക്കാന്‍ ശ്രമിച്ച മണല്‍ കയറ്റിയ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പെട്ട ഔഡി കാര്‍ അമിതവേഗതയിലായിരുന്നെന്നാണ് വിവരം. സുമിത് സിന്‍ഗാള്‍ (29), അദ്ദേഹത്തിന്റെ ഭാര്യ രുചി സിന്‍ഗാള്‍ (27), മാതാവ് റീത സിന്‍ഗാള്‍ (65) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

രക്ഷപ്പെട്ട മൂന്ന് വയസുകാരന്‍ കാറിനുളളില്‍ അകപ്പെട്ടു. കുട്ടിയെ പിന്നീട് പൊലീസും അഗ്നിശമന സേനാ വിഭാഗവും രക്ഷിച്ചു. നിലവിളിച്ച് കരഞ്ഞ കുട്ടിക്ക് പിന്നീട് ബോധം പോയി. തുടര്‍ന്ന് പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. രാജ്യ തലസ്ഥാന നഗരിയിലെ രോഹിണിയിലാണ് അപകടം ഉണ്ടായത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബമാണ് അപകടത്തില്‍ പെട്ടത്.

രാത്രി 1 മണിയോടെയാണ് അപകടം ഉണ്ടായത്. ട്രക്കിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സുമിത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടം നടന്നയുടനെ കുടുംബത്തെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് നിസാര പരുക്കുകള്‍ മാത്രമാണ് പറ്റിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ട്രക്കിന്റെ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ