കൊൽക്കത്ത: പശ്ചിമ ബംഗാളിനെ നടുക്കി മറ്റൊരു പീഡന വാർത്തകൂടി. കൊൽക്കത്ത നഗരത്തിലെ വെസ്റ്റ് കനാൽ റോഡിലാണ് സംഭവം. നഗരത്തിനടുത്ത് പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ്സിൽവച്ചാണ് മൂന്ന് വയസ്സുകാരിയെ ബസ് ക്ലീനർ ലൈംഗികമായി പീഡിപ്പിച്ചത്.

കുട്ടിയെ പീഡിപ്പിച്ച ബസ് ക്ലീനറായ ഷെയ്ഖ് മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. 45 വയസ്സ് പ്രായമുളള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: 5 വയസ്സുകാരനായ സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ആക്രമിക്കപ്പെട്ട പെൺകുട്ടി. ചോക്ലേറ്റ് നൽകാമെന്ന് മോഹിപ്പിച്ച പെൺകുട്ടിയെ ഇയാൾ ബസ്സിന്റെ ഉള്ളിലേക്ക് കയറ്റുകയായിരുന്നു. സഹോദരൻ കുട്ടിയുടെ പിന്നാലെ വന്നെങ്കിലും, ആൺകുട്ടിയെ പുറത്താക്കി ബസ് ക്ലീനർ ബസ്സിന്റെ വാതിൽ അടച്ചു.

റോഡിനരികിൽ നിന്ന് സഹോദരൻ നിലവിളിച്ച് ബഹളംവച്ചെങ്കിലും ഷെയ്ഖ് മുന്ന ചെവി കൊണ്ടില്ല. ബസ്സിന്റെ വാതിലിന് അടിച്ച് നിലവിളിച്ചിട്ടും പ്രയോജനമില്ലെന്ന് മനസ്സിലായ ആൺകുട്ടി ഉടൻ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി വിവരം ധരിപ്പിച്ചു. ഉടൻ അയൽപക്കക്കാരെയും കൂട്ടി അമ്മ ബസ്സിന് അടുത്തേക്ക് എത്തുമ്പോൾ ഷെയ്ഖ് മുന്ന കുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു.

ഉടൻ നാട്ടുകാർ ഇയാളെ കൂട്ടംചേർന്ന് ആക്രമിച്ചു. ബസിന്റെ സീറ്റിൽ ചോരവാർന്ന് കിടന്ന പെൺകുഞ്ഞിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കുട്ടി ചികിത്സയിലാണ്.

അതിക്രൂരമായാണ് ഇയാൾ മൂന്ന് വയസ്സ് മാത്രം പ്രായമുളള പെൺകുഞ്ഞിനെ ബലാൽസംഗം ചെയ്തതെന്ന് കൊൽക്കത്തയിലെ ഉയർന്ന പൊലീസ് മേധാവി പറഞ്ഞു. കുട്ടിയുടെ ജീവൻ രക്ഷിക്കാനുളള എല്ലാ ശ്രമവും നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook