ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ റിഷഭ്, റോഹിത്, സിബിഎസ്ഇ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ ട്യൂട്ടറായ തൗഖീര്‍ എന്നയാളുമാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

മാര്‍ച്ച് 26ന് രാവിലെ പരീക്ഷ നടക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് ഇവര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എന്നാണ് ആരോപണം. ഏതു സ്‌കൂളിലെ അധ്യാപകരാണ് ഇവര്‍ എന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഒമ്പത് നാല്‍പ്പത്തിയഞ്ചിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എട്ട് പതിനഞ്ചോടെ ഇവര്‍ ചോദ്യപേപ്പറുകള്‍ മൊബൈലില്‍ പകര്‍ത്തി കോച്ചിങ് സെന്ററിലെ ട്യൂട്ടറായ തൗഖീറിനു നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലിനേയും ആറ് അദ്ധ്യാപകരേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. കുറ്റക്കാര്‍ ആര് എന്നത് സംബന്ധിച്ച വ്യക്തമായ വിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഡല്‍ഹിയിലും പഞ്ചാബിലുമായി വിദ്യാര്‍ത്ഥി പ്രതിഷേധവും ഒപ്പം പ്രതിപക്ഷ വിമര്‍ശനവും തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ