ന്യൂഡൽഹി: 2ജി സ്‌പെക്ട്രം കേസിലെ എല്ലാ പ്രതികളെയും ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. മുൻ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവരുൾപ്പടെ 17 പേരെയാണ് വെറുതെ വിട്ടത്. ഒറ്റവരിയിലായിരുന്നു ജഡ്ജി ഒ.പി.സെയ്നിയുടെ വിധി. കേസ് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി. ആറ് വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കുന്നത്.

യുപിഎ സർക്കാരിന്രെ കാലത്ത് ഉയർന്ന 2ജി സ്‌പെക്ട്രം അഴിമതി കേസ് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി ആരോപണമായിരുന്നു.

ഇപ്പോൾ വിധി വന്നിരിക്കുന്നതിൽ സിബിഐ അന്വേഷിച്ച രണ്ടു കേസുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ച ഒരു കേസുമാണ് ഉൾപ്പെട്ടിട്ടുളളത്. ഈ കുറ്റപത്രങ്ങൾ കോടതി റദ്ദാക്കി. കോടതിയിൽ നൽകിയ കുറ്റപത്രം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിക്കൊണ്ടാണിത്.

വിധിപകർപ്പ് കിട്ടിയ ശേഷം  നിയമോപദേശം തേടി തുടർനടപടികൾ  ആലോചിക്കുമെന്ന് സിബിഐ അറിയിച്ചു. പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. സ്വാമി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്.  ഡിഎംകെയെ തകർക്കാനുളള ഗൂഢാലോചനയായിരുന്നു 2 ജി സ്‌പെക്ട്രം അഴിമതിയാരോപണ കേസ് എന്ന് വർക്കിങ് പ്രസിഡന്ര് എം.കെ.സ്റ്റാലിൻ പറഞ്ഞു. കോടതിവിധിയോടെ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2ജി സ്‌പെക്ട്രം വിഷയത്തിൽ നഷ്ടമോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ഈ ആരോപണം നുണപ്രചാരണമായിരുന്നു. സിഎജിയായിരുന്ന വിനോദ് റായിയും അന്നത്തെ പ്രതിപക്ഷവും   രാജ്യത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിലുമാണ് പ്രത്യേക വിചാരണക്കോടതി വിധി പറഞ്ഞത്. കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടത് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഡിഎംകെയ്ക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നൽകിയതായിരുന്നു 2ജി അഴിമതി ആരോപണം.

ഒന്നാം യുപിഎ സർക്കാരിന്രെ ഭരണത്തിൽ 2007-08 കാലയളവിൽ സ്വകാര്യ ടെലികോം കമ്പനികൾക്ക് 2ജി സ്‌പെക്ട്രം അനുവദിക്കുന്നതിൽ 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് 2010 ൽ സിഎജി കണ്ടെത്തിയത്. അന്ന് സിഎജി വിനോദ് റായി ആയിരുന്നു. സിബിഐയും എൻഫോഴ്സ്മെന്റും കേസ് അന്വേഷിച്ചു. 2011ൽ എ.രാജയെ അറസ്റ്റ് ചെയ്തു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ, 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക് 2 ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടെന്ന് സിബിഐ ആരോപിച്ചിരുന്നു. ഈ കേസിൽ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി ലൈസൻസ് റദ്ദാക്കിയിരുന്നു.

ഐപിസി, അഴിമതി നിരോധന നിയമം, ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അധികാരദുർവിനിയോഗം, പൊതുപ്രവർത്തക അഴിമതി തുടങ്ങി നിരവധി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഒക്ടോബർ 2011 ന് കുറ്റപത്രം നൽകിയത്. ഏപ്രിൽ 2011ൽ എ.രാജ ഉൾപ്പടെയുളളവർക്കെതിരെ നൽകിയ കുറ്റപത്രത്തിൽ 30,984 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്ന് ആരോപിച്ചു. 2ജി സ്പെക്ട്രം ഇടപെടലിൽ 122 ലൈസൻസ് നൽകുന്നതിലാണ് ഈ നഷ്ടമുണ്ടാക്കിയതെന്നായിരുന്നു ആരോപണം. സിബിഐയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചുമത്തിയ കുറ്റങ്ങൾ വിചാരണ വേളയിൽ പ്രതികൾ നിഷേധിച്ചിരുന്നു.

യുപിഎ സർക്കാരിന് കനത്ത തിരിച്ചടി നൽകിയതായിരുന്നു 2ജി അഴിമതിയാരോപണം. രണ്ടാം യുപിഎയുടെ കാലത്ത് ഉയർന്നു വന്ന 2ജി അഴിമതിയാരോപണത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഉളളവർ ഉൾപ്പെട്ടിരുന്നു. ഇന്ത്യയിലൊട്ടാകെ അഴിമതിവിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കിയത് 2ജി അഴിമതിയാരോപണമായിരുന്നു. അണ്ണാഹസാരെ പ്രസ്ഥാനത്തിന്രെ താൽക്കാലികമായ വരവും ആം ആദ്മി പാർട്ടിയുടെ ജനനവും ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎയുടെ ശക്തമായ തിരിച്ചുവരവിനും വഴി തുറന്നതും ഈ അഴിമതി ആരോപണമായിരുന്നു.

2ജി യുടെ ആദ്യ കേസിൽ 154 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. അനിൽ അംബാനി ടിനാ അംബാനി എന്നിവരുൾപ്പടെ മൊഴി നൽകിയിരുന്നു. സാക്ഷിമൊഴികൾ മാത്രം 4,400 പേജുകളാണുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook