ന്യൂഡൽഹി: രണ്ടാം യുപിഎ സർക്കാരിന്റെ പ്രതിച്ഛായക്ക് ഏറ്റവും അധികം കളങ്കം വരുത്തിയ അഴിമതി ആരോപണങ്ങളിൽ ഒന്നായിരുന്നു 2 ജി സ്‌പെക്ട്രം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിങ്ങും 2ജി സ്‌പെക്ട്രം കേസിന്റെ പേരിൽ വിവാദത്തിൽ പെടുകയും, ഏറെ പഴി കേൾക്കുകയും ചെയ്‌തു. സർക്കാരിനെ പിന്തുണക്കുന്ന മറ്റു പാർട്ടികളുടെ സമർദ്ദത്തിന് അടിപ്പെടേണ്ടി വന്നിരുന്നതായി സിങ് 2011 ൽ പറഞ്ഞിരുന്നു.
“രാജയെയായിരുന്നു ഡിഎംകെ തിരഞ്ഞെടുത്തത്. അതിൽ എനിക്ക് അപാകതയൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. തന്നെയുമല്ല രാജയുടെ ഈ പ്രവേശനം തടയാനുള്ള അധികാരം എനിക്കില്ലായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 2 ജി സ്‌പെക്ട്രം കേസിൽ ആനുകൂല്യങ്ങൾ ലഭിക്കാത്ത ചില കമ്പനികൾ രാജക്കെതിരെ ആരോപണങ്ങളുമായി തന്നെ സമീപിച്ചിരുന്നു. എന്ത് തന്നെയായാലും എനിക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നുമില്ല.” 2011 ഫെബ്രുവരി 17ന് മൻമോഹൻ സിങ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
ആറു വർഷത്തിനു ശേഷം കേസിൽ അവസാന വാദം നിരത്തവേ, സിബിഐ മൻമോഹൻ സിങ്ങിനെ പ്രതിരോധിച്ചു. ടെലികോം മന്ത്രി എ.രാജ മൻമോഹൻ സിങ്ങിനെ തെറ്റിദ്ധരിപ്പിച്ചതായി സി ബിഐ വിശദീകരിച്ചു. 2002 നവംബർ 2ന് രാജ വ്യാജ ന്യായീകരണങ്ങളും, തെറ്റായ വസ്തുതകളും നിരത്തി പ്രധാന മന്ത്രിക്കു കത്തെഴുതിയിരുന്നു. 2 ജി സ്പെക്ട്രവുമായി ബന്ധപെട്ടു നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തെറ്റായാണ് രാജ പ്രധാന മന്ത്രിയെ ധരിപ്പിപ്പിച്ചിരുന്നതെന്നും സിബിഐ അറിയിച്ചു.
2011 നവംബർ 2 നു എ.രാജക്കു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അയച്ച കത്തിൽ 2 ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ഉന്നയിച്ചിരുന്നു. ലഭിച്ച അപേക്ഷകളും, നൽകുന്ന സൗകര്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ഇതിൽ ചൂണ്ടിക്കാണിച്ചിരുന്നു. ലൈസൻസ് നൽകുന്നതിന് മുൻപ് സ്‌പെക്ട്രം സംവിധാനത്തിന്റെ വ്യാപ്തി കൂടി പരിഗണിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നതായും സിബിഐ വ്യക്തമാക്കുന്നു.
ഈ നിർദേശങ്ങളെല്ലാം സ്‌പെക്ട്രം അനുവദിക്കുന്ന വേളയിൽ എ.രാജ തിരസ്കരിച്ചതായി വിചാരണ വേളയിൽ സിബിഐ പ്രത്യക കോടതി ജഡ്ജി ഒ.പി.സെയ്നി ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇത്തരമൊരു കത്ത് ലഭിച്ചയുടനെ തന്റെ സെക്രട്ടറി ഛന്ദോലിയയെ വിളിച്ചു ആ രാത്രി തന്നെ മറുപടി കത്ത് അയക്കാൻ ആവശ്യപ്പെട്ടു. ടെലികോം വകുപ്പുമായി ബന്ധപ്പെട്ട് എടുക്കേണ്ട പല നയപരമായ തീരുമാനങ്ങളും ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് എ.രാജ കൈകൊണ്ടിരുന്നത് എന്നതിന് ഇത് തെളിവാണെന്നും കോടതി പരാമർശിച്ചിരുന്നു. “ഈ സാഹചര്യത്തിൽ 2 ജി സ്‌പെക്ട്രം കേസിൽ അഴിമതി നടക്കുകയോ, വസ്തുതകൾ വളച്ചൊടിക്കുകയോ, ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുകയോ ഉണ്ടായിട്ടില്ല എന്ന് എ.രാജ നൽകിയ വിശദീകരണം മുഖ വിലക്കെടുക്കാൻ ആവില്ല” ഒ.പി.സെയ്നി പറഞ്ഞു.