ന്യൂഡൽഹി: 2ജി സ്‌പെക്ട്രം കേസിൽ സിബിഐക്ക് പ്രത്യേക കോടതി ജഡ്ജി ഒ.പി.സെയ്നിയുടെ രൂക്ഷ വിമർശനം. ആരോപണങ്ങൾ തെളിയിക്കാനോ, അവയെ നീതീകരിക്കാനോ ഉതകുന്ന ഒരു തെളിവും സിബിഐക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ഒ.പി.സെയ്നി ചൂണ്ടിക്കാട്ടി.

മുൻ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ നേതാവ് കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവരടക്കം 17 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. വാക്കുകളിൽ ഒരു തരത്തിലുള്ള ഔപചാരികതയും കൂട്ടിയിണക്കാതെ സിബിഐയെ സെയ്നി രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ പരാമർശം ഇങ്ങിനെ പോകുന്നു:

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ എല്ലാ ചർച്ചകളും പരിശോധിച്ചതിൽ നിന്ന് ഇതിന്റെ അനന്തരഫലമായി എനിക്ക് കാണാൻ കഴിയുന്നത് ആരോപണങ്ങൾ തെളിയിക്കുന്നതിൽ സിബിഐ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ആ നിലക്ക് നോക്കിയാൽ കുറ്റപത്രം ഊതിപെരുപ്പിച്ചതാണ്. കോടതിക്ക് മുൻപാകെ എത്തിയ രേഖകളിൽ ഒന്നിൽ പോലും കുറ്റാരോപിതർക്കെതിരെ തെളിവ് നിരത്താൻ സിബിഐക്കായിട്ടില്ല.

ഔദ്യോഗിക രേഖകൾ തെറ്റായി വ്യാഖ്യാനിക്കുകയോ, വ്യാഖ്യാനിക്കാതിരിക്കുകയോ, ചില ഭാഗങ്ങൾ മാത്രം വായിക്കുകയോ ചെയ്താണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

സാക്ഷികൾ ഒഴുക്കൻ മട്ടിൽ പറഞ്ഞ കാര്യങ്ങളെ പരാമർശിച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ കാര്യങ്ങൾ തന്നെ സാക്ഷികൾ കോടതിയിൽ മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്.

2ജി സ്‌പെക്ട്രത്തിന്റെ പ്രവേശന തുകയിൽ പരിഷ്‌കാരം വേണമെന്നു ഫിനാൻസ് സെക്രട്ടറി പറഞ്ഞത്, നിയമത്തിലെ ഒരു വകുപ്പ് എ.രാജ ഇല്ലാതാക്കിയത് തുടങ്ങി കുറ്റപത്രത്തിൽ പറഞ്ഞ പല വസ്തുതകളും വസ്തുതാപരമായി തെറ്റാണ്.

കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലെ പ്രധാന കണ്ണി എ.രാജയാണ് എന്ന് തെളിയിക്കുന്ന ഒരു രേഖയും കോടതിക്ക് മുന്നിൽ വയ്ക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നും ഒ.പി.സെയ്നി വിശദമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ