ന്യൂഡൽഹി: 2ജി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ലെന്ന് പറഞ്ഞ മൻമോഹൻ സിങ്, വിധി സ്വയം സംസാരിക്കുന്നതാണെന്നും വ്യക്തമാക്കി.

മുൻ സിഎജി വിനോദ് റായ് രാജ്യത്തോട് മാപ്പു പറയണമെന്നാണ് ന്യൂഡൽഹിയിലെ സിബിഐ പ്രത്യേക കോടതി വിധി പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടത്. 2007-08 കാലത്ത് ടെലികോം കമ്പനികൾക്ക് സ്‌പെക്ട്രം അനുവദിച്ചത് വഴി 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സിഎജി അന്ന് കണ്ടെത്തിയത്.

രാജ്യത്ത് നീതി നിലനിൽക്കുന്നുവെന്നാണ് കോടതി വിധിയിലൂടെ വ്യക്തമായതെന്ന് ശശി തരൂരും, ആരോപണം ശുദ്ധ കളവാണെന്ന് തെളിഞ്ഞതായി പി.ചിദംബരവും പറഞ്ഞു. ടുജി സ്‌പെക്ട്രം കേസിൽ ആരോപണ വിധേയരായിരുന്ന ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി എന്നിവരടക്കം എല്ലാ പ്രതികളെയും കോടതി ഇന്ന് വെറുതെ വിട്ടു. 2ജി സ്‌പെക്ട്രം വിതരണം നടക്കുമ്പോൾ രാജയായിരുന്നു ടെലികോം മന്ത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ