ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതി കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ രാജ്യസഭാ എംപി കനിമൊഴിക്കും മുന്‍ കേന്ദ്രമന്ത്രി എ.രാജയ്ക്കും ഡിഎംകെ ആസ്ഥാനത്ത് വന്‍ സ്വീകരണം. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇരുവരെയും പൊന്നാടയണിയിച്ചു സ്വീകരിച്ചു. വലിയൊരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇരുവരെയും സ്വീകരിക്കാനെത്തിയത്.

ഞായറാഴ്ചയാണ് ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് സിബിഐ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 49കാരിയായ കനിമൊഴിയെ കോടതി വെറുതെ വിടുന്നത്. തന്റെ ജീവിതത്തിലെ അത്യന്തം ‘ദുസ്സഹമായ’ കാലഘട്ടമായിരുന്നു കഴിഞ്ഞ ആറുവര്‍ഷം എന്ന് പറഞ്ഞ കനിമൊഴി, ‘ഒരൊറ്റ ലക്ഷ്യത്തോടെയാണ് വലിയൊരു തുകയുമായി തന്റെ പേര് കൂട്ടികെട്ടുവാന് നോക്കിയത്’ എന്നും വരുന്ന അഞ്ച് വര്‍ഷം കലൈഞ്ചറെ ഭരണത്തില്‍ നിന്നകറ്റുക എന്ന ഒറ്റ ഉദ്ദേശമായിരുന്നു അതിനെന്നും പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടരാക്കാനായി നടന്ന ഗൂഢാലോചനയാണ് ‘2 ജി സ്പെക്ട്രം തട്ടിപ്പ്’ എന്നാണ് ടെലികോം മന്ത്രിയായിരുന്ന എ.രാജ അഭിപ്രായപ്പെട്ടത്. തന്നെ പിന്തുണച്ച പാര്‍ട്ടി നേതൃത്വത്തിന് നന്ദി പറഞ്ഞ രാജ. ” ഈ ചരിത്ര വിധി താങ്കളുടെ കാലുകളില്‍ സമര്‍പ്പിക്കുന്നു.” എന്നാണ് ഡിഎംകെ മേധാവി എം.കരുണാനിധിക്കയച്ച കത്തില്‍ പറയുന്നത്.
സമൂഹത്തിലെ താഴെതട്ടിലുള്ള ജനങ്ങളുടെയടക്കം ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് 2ജി സ്പെക്ട്രത്തില്‍ ‘പുരോഗമനപരമായ നടപടികള്‍’ സ്വീകരിച്ച ആളാണ് എ.രാജ എന്നഭിപ്രായപ്പെട്ട സ്റ്റാലിന്. ‘ഡിഎംകെയെ താറടിക്കാനുള്ള’ ശ്രമം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേല്കുകയാണ് ചെയ്തത് എന്നും രാജ പറഞ്ഞു.
2ജി കേസില്‍ കുറ്റവിമുക്തരായി എന്നത് ഡിഎംകെയ്ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. മുതിര്‍ന്ന നേതാക്കളില്‍ ആരോപിക്കപ്പെട്ട അഴിമതി ഏതാണ്ടൊരു പതിറ്റാണ്ട് കാലമാണ് ഡിഎംകെയെ അധികാരത്തില്‍ നിന്നകറ്റിയത്. തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഡിഎംകെയ്ക്ക് ഒരു തിരിച്ചുവരവിനുള്ള വഴികൂടി ഒരുങ്ങിയിരിക്കുന്നു. കമല്‍ ഹാസന്, രജനീകാന്ത് വിശാല്‍ തുടങ്ങിയ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ നിഷ്പ്രഭമാക്കിയേക്കാവുന്ന സാഹചര്യം കൂടിയാണത്.