ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം അടക്കം ഇന്ത്യയിലെ 29 നഗരങ്ങള്‍ അതീവ ഭൂകമ്പ സാധ്യതാ പ്രദേശങ്ങളാണെന്ന് ദേശീയ ഭൂകമ്പശാസ്ത്ര വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഡല്‍ഹി, മറ്റ് ഒമ്പത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ എന്നിവയും പട്ടികയിലുണ്ട്. ഹിമാലയത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ് ഇതിൽ കൂടുതൽ.

ഡല്‍ഹി, പട്ന (ബിഹാര്‍), ശ്രീനഗർ (കശ്മീര്‍) , കൊഹിമ (നാഗാലാന്റ്), പുതുച്ചേരി, ഗുവാഹതി (അസം), ഷിംല (ഹിമാചല്‍പ്രദേശ്), ഡെറാഢൂൺ (ഉത്തരാഖണ്ഡ്), ഇംഫാൽ (മണിപ്പൂര്‍), ഗംങ്ദോക് (സിക്കിം) അടക്കം 29 നഗരങ്ങളാണ് ഭൂകമ്പ സാധ്യത മേഖലകളായി കണ്ടെത്തിയത്. ഇവിടങ്ങളിലെല്ലാം മൂന്ന് കോടിക്ക് മുകളിലാണ് ജനസംഖ്യയെന്നും റിപ്പോർട്ടിലുണ്ട്.

രാജ്യത്തെ വിവിധ പ്രദേശങ്ങളെ രണ്ടു മുതൽ അഞ്ച് വരെയുള്ള സോണുകളായി തിരിച്ചിട്ടുണ്ട്. മുൻകാലത്തുണ്ടായ ഭൂകമ്പങ്ങളുടെ കണക്കുകളുടെയും ഭൂമിയുടെ പ്രത്യേകതകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ തിരിച്ചത്. സോൺ രണ്ടിൽപ്പെടുന്ന പ്രദേശങ്ങൾ ഭൂകമ്പ സാധ്യത കുറവാണെങ്കിലും സോൺ നാലിലും അഞ്ചിലും വരുന്ന പ്രദേശങ്ങളിൽ ഭൂകമ്പ സാധ്യത കൂടുതലാണ്. കശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഗുജറാത്തിലെ കച്ച്, നോര്‍ത്ത് ബിഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍, എന്നിവയെല്ലാം അഞ്ചാം സോണിലാണ്. ഡല്‍ഹി, സിക്കിം, ദക്ഷിണ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങള്‍ എന്നിവ നാലാം സോണിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ