scorecardresearch

സ്മാർട്ഫോൺ, പുതിയ ലോകം; 28 വർഷത്തെ പാക് തടവ് ജീവിതത്തിനുശേഷം തിരിച്ചെത്തിയ കുൽദീപ് യാദവ് പറയുന്നു

അഹമ്മദാബാദിൽ എത്തുമ്പോൾ എന്റെ കുടുംബം എന്നെ സ്വീകരിച്ചിരുന്നില്ലെങ്കിൽ, എനിക്കെല്ലാം നഷ്ടപ്പെടുമായിരുന്നു. ഞങ്ങളുടെ വീടിന് പുറത്തുള്ള തെരുവുകൾ എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല.

സ്മാർട്ഫോൺ, പുതിയ ലോകം; 28 വർഷത്തെ പാക് തടവ് ജീവിതത്തിനുശേഷം തിരിച്ചെത്തിയ കുൽദീപ് യാദവ് പറയുന്നു

അഹമ്മദാബാദ്: കയ്യിലെ സ്മാർട്ഫോണിലേക്ക് ഏറെ നേരം നോക്കിയശേഷം, എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ് അൻപത്തിയൊൻപതുകാരനായ കുൽദീപ് യാദവ്. ചാരവൃത്തി ആരോപിച്ച് 28 വർഷമായി പാക്കിസ്ഥാൻ തടവിൽ കഴിഞ്ഞ യാദവ് അഹമ്മദാബാദിലെ നാട്ടിൽ തിരിച്ചെത്തിയിട്ട് ഏഴ് ദിവസമേ ആയിട്ടുള്ളൂ. തനിക്കു ചുറ്റിലുമുള്ള ലോകം വല്ലാതെ മാറിയപ്പോയതായി അദ്ദേഹം മനസിലാക്കുന്നു.

സരബ്ജിത് സിങ്ങിന്റെ മരണത്തെത്തുടർന്ന് പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് വ്യത്യസ്ത നിയമങ്ങൾ നടപ്പിലാക്കി അവരെ വേർപിരിച്ചതോടെ 2013 മുതൽ അദ്ദേഹത്തിന് കുടുംബവുമായുള്ള ബന്ധമില്ലാതായി. ഓഗസ്റ്റ് 25ന് രാത്രി യാദവ് തിരിച്ചെത്തിയതു മുതൽ കുടുംബം പരസ്പരം ബന്ധപ്പെട്ടിരുന്നു.

”ഞാൻ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യുകയാണ്… അഹമ്മദാബാദിൽ എത്തുമ്പോൾ എന്റെ കുടുംബം എന്നെ സ്വീകരിച്ചിരുന്നില്ലെങ്കിൽ, എനിക്കെല്ലാം നഷ്ടപ്പെടുമായിരുന്നു. ഞങ്ങളുടെ വീടിന് പുറത്തുള്ള തെരുവുകൾ എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. കുടുംബത്തിൽ ഞാൻ ഇതുവരെ കാണാത്ത കുട്ടികളുണ്ട്. ഈ (സ്മാർട്ട്) ഫോണുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയില്ല, ഓരോ തവണയും സ്ക്രീൻ ഓണാക്കാൻ എനിക്ക് ദിലീപിനോട് (കുൽദീപിന്റെ 55 വയസ്സുള്ള ഇളയ സഹോദരൻ) ചോദിക്കണം,” അഹമ്മദാബാദിലെ തന്റെ വീട്ടിൽ, പത്താൻ സ്യൂട്ട് ധരിച്ചിരുന്ന യാദവ് പറയുന്നു.

1990ൽ ഹോളി ആഘോഷത്തിനിടെയാണ് താൻ കുൽദീപിനെ അവസാനമായി കണ്ടതെന്ന് ദിലീപ് പറഞ്ഞു.

കുൽദീപും കുടുംബവും തടവിലാക്കപ്പെടുന്നതിന് മുമ്പുള്ള സമയത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ സഹോദരി ഒരു ഹർജിയിൽ സമർപ്പിച്ച വാദങ്ങളെ അടിസ്ഥാനമാക്കി ഗുജറാത്ത് ഹൈക്കോടതി രേഖപ്പെടുത്തിയത് ഇതാണ്, ”യാദവിനെ 1991-ൽ അഹമ്മദാബാദിൽ റോ മിലിട്ടറി ഇന്റലിജൻസിലേക്ക് ബിഎസ്എഫ് റിക്രൂട്ട് ചെയ്തു. അദ്ദേഹത്തെ ന്യൂ ഡൽഹിയിൽ നിയോഗിക്കുകയും തുടർന്ന് പാക്കിസ്ഥാനിലേക്ക് അയക്കുകയും ചെയ്തു. 22.06.1994-ന് പാക്കിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 30 മാസത്തോളം ഇയാളെ ചോദ്യം ചെയ്തു. അതിനുശേഷം, പാക്കിസ്ഥാനിലെ കോർട്ട് മാർഷൽ മിലിട്ടറി കോടതി അദ്ദേഹത്തെ 25 വർഷത്തെ തടവിന് ശിക്ഷിച്ചു.”

1996 ഒക്‌ടോബർ 27 നാണ് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബർ 26 ന് തന്നെ മോചിപ്പിക്കേണ്ടതായിരുന്നുവെന്ന് യാദവ് പറയുന്നു. ”പാക്കിസ്ഥാൻ ജയിലിൽ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന്, തടവുകാരൻ ജയിൽവാസം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തുന്ന വിലാസം നൽകണം. ഇത് എംബസി പരിശോധിച്ച് ഇന്ത്യ അനുമതി നൽകിക്കഴിഞ്ഞാൽ അത് പാക്കിസ്ഥാൻ അധികാരികളെ അറിയിക്കും. തുടർന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി തടവുകാരന് ഹാജരാകാനുള്ള തീയതി നൽകും,” യാദവ് പറഞ്ഞു.

”2022 ജൂൺ 24-ന് എന്നെ കോടതിയിൽ ഹാജരാക്കി, വിട്ടയക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവ് പിന്നീട് പാക്കിസ്ഥാൻ അധികാരികൾക്ക് അയയ്ക്കുകയും അവർ അത് ഇന്ത്യൻ എംബസിയിലേക്ക് അയയ്ക്കുകയും ചെയ്തു,” അദ്ദേഹം പറയുന്നു. എന്നാൽ രേഖകൾ ലഭിക്കുന്നതിലെ കാലതാമസം മൂലം യാദവിന് 10 മാസം കൂടി ജയിലിൽ കിടക്കേണ്ടി വന്നു.

”സരബ്ജിത്ത് ഒരു നല്ല സുഹൃത്തായിരുന്നു, പക്ഷേ വധശിക്ഷയ്ക്ക് വിധേയനായതിനാൽ ഞങ്ങളുടെ ബാരക്കുകൾ വ്യത്യസ്തമായിരുന്നു. നേരത്തെ, ഒരു തടവുകാരന് 15 ദിവസത്തിനുള്ളിൽ മറ്റ് തടവുകാരെ കാണാൻ ആവശ്യപ്പെടാമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. അവൻ പലപ്പോഴും എന്നോട് ചോദിക്കുമായിരുന്നു. എന്നാൽ, സരബ്ജിത്തിന്റെ മരണശേഷം ഇത് മാറി. എല്ലാ തരത്തിലുള്ള കത്തിടപാടുകളും നിർത്തി, എനിക്ക് വീട്ടിൽ കത്തൊന്നും എഴുതാൻ കഴിഞ്ഞില്ല. മറുവശത്ത്, ഭക്ഷണം മെച്ചപ്പെട്ടു, മെഡിക്കൽ സൗകര്യങ്ങളും മെച്ചപ്പെട്ടു,” അദ്ദേഹം പറയുന്നു.

തീവ്രവാദം, ചാരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സരബ്ജിത്ത്, സഹതടവുകാരുടെ ആക്രമണത്തെ തുടർന്ന് 2013 മേയിൽ മരിച്ചു.

ജയിലിൽ പുസ്‌തകങ്ങൾ ലഭിച്ചിരുന്നില്ലെന്നും ചിലപ്പോൾ ഫിറ്റ്‌നസ് അഭ്യാസങ്ങൾ എന്ന നിലയിൽ ജോലി ഇരട്ടിയാക്കിയെന്നും യാദവ് പറയുന്നു. ”ഡിഡി, പിടിവി എന്നിവയ്‌ക്കൊപ്പം വാർത്തകൾ കാണുന്നതിന് പരിമിതമായ സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ വാർത്തകൾ കാണുമ്പോൾ അത് ഞങ്ങളെ ശരിക്കും സന്തോഷിപ്പിക്കും, പക്ഷേ അവസാനം ഞങ്ങളുടെ ജീവിതത്തിൽ അതിനൊരു മാറ്റവും വരുത്താനാവില്ല. സാമ്പത്തിക സഹായവും ഞങ്ങളുടെ മോചനവും ആവശ്യപ്പെട്ട് ഇന്ത്യൻ തടവുകാർ പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിക്ക് പലതവണ കത്തെഴുതിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവർക്കും ഞങ്ങൾ കത്തയച്ചു. കേസിനെക്കുറിച്ച് ഞങ്ങളെ അറിയിക്കാൻ നിയമപരമായ പ്രാതിനിധ്യവും അഭ്യർത്ഥിച്ചു, ” അദ്ദേഹം പറയുന്നു.

1999 നവംബറിൽ കുൽദീപിന്റെ പിതാവ് നാനക്ചന്ദിന്റെ മരണ വിവരം 2000 ഓഗസ്റ്റിലാണ് കുൽദീപ് അറിഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം അയച്ച നിരവധി കത്തുകൾ അദ്ദേഹത്തിന് കിട്ടിയില്ല. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ദിലീപ് ബിഎസ്എഫ് സർവീസിൽ നിന്ന് സ്വയം വിരമിച്ചത്.

കുൽദീപിനെ കോട് ലഖ്പത് ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനും 5 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് 2007-ൽ കുൽദീപിന്റെ അമ്മ മായാദേവിയും കുൽദീപിന്റെ നാല് സഹോദരങ്ങളും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.

2008 ഏപ്രിലിൽ, ഗുജറാത്ത് ഹൈക്കോടതി നഷ്ടപരിഹാരം നൽകുകയും 2014-ൽ മോചനത്തിനായി ഹർജിക്കാരന്റെ അപ്പീൽ പരിഗണിക്കാൻ പാക്കിസ്ഥാൻ അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. 2011ലാണ് മായാദേവി മരിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 28 yrs in pak jail gujarat man is back home