ഭുവനേശ്വര്‍: ചരിത്രം കുറിച്ച് ഒഡീഷക്കാരി അനുപ്രിയ മധുമിത ലാക്ര. മാവോയിസ്റ്റ് മേഖലയായ മല്‍ക്കങ്കരി ജില്ലയില്‍ നിന്നുമുള്ള അനുപ്രിയ ഒഡീഷയില്‍ നിന്നും വാണിജ്യ വിമാനം പറത്തുന്ന ആദ്യ ആദിവാസി വനിതയായി മാറിയിരിക്കുകയാണ്.
പൊലീസ് കോണ്‍സ്റ്റബിളിന്റെ മകളായ 27 കാരി ഈ മാസം അവസാനത്തോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കോ പൈലറ്റായി ജോയിന്‍ ചെയ്യും. അനുപ്രിയയുടെ പിതാവ് മരിനിയാസും അമ്മ ജിമാജ് യഷ്മിനും പറയുന്നത് തങ്ങളുടെ മകള്‍ കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെ അഭിമാനമാണെന്നാണ്.
”അവളുടെ പഠനത്തിനായുള്ള പണം കണ്ടെത്തുക ഏറെ ബുദ്ധിമുട്ടായിരുന്നു. ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് പണം സ്വരൂപിച്ചത്. അവള്‍ക്ക് താല്‍പര്യമുള്ള വിദ്യാഭ്യാസം നല്‍കണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു” മരിനിയാസ് ലാക്ര പറഞ്ഞു. ”അവള്‍ കണ്ട സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. മറ്റ് പെണ്‍കുട്ടികള്‍ക്ക് എന്റെ മകളൊരു പ്രചോദനമാകണം. എല്ലാ മാതാപിതാക്കളും പെണ്‍മക്കള്‍ക്ക് കരുത്താകണം” ജിമാജ് പറയുന്നു.
മാല്‍ക്കങ്കിരിയിൽ തന്നെയായിരുന്നു അനുപ്രിയയുടെ പ്രാഥമിക വിദ്യാഭ്യാസം. 2012-ല്‍ ഭുവനേശ്വറിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാഭ്യാസ കാലത്തിനിടെയാണ് പൈലറ്റ് ആകണമെന്ന ആഗ്രഹം അനുപ്രിയയുടെ മനസില്‍ ജനിക്കുന്നത്. തുടര്‍ന്നാണ് എന്‍ജിനീയറിങ് പഠനം ഉപേക്ഷിച്ച് ഭുവനേശ്വറിലെ സര്‍ക്കാര്‍ എവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനു പോയത്.
ഏഴുവര്‍ഷത്തോളം അമ്മാവന്റെ സഹായം കൊണ്ടും വിദ്യാഭ്യാസ വായ്പ കൊണ്ടും മറ്റുമാണ് ഈ നേട്ടത്തിലെത്തിയത്. ഒഡീഷയിലെ 4.2 കോടി ജനസംഖ്യയില്‍ 22.95 ശതമാനം പേരും ആദിവാസികളാണ്. ഇവരില്‍ 41.20 ശതമാനം പേര്‍ മാത്രമേ സാക്ഷരത നേടിയിട്ടുള്ളൂ.