ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഭീകരസംഘടനയാണെന്ന് പാക്ക് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മഹ്‍മൂദ് അലി ദുരാനി. 26/11 ഭീകരാക്രമണം അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെ ക്ലാസിക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ സര്‍ക്കാരിന് ആക്രണത്തില്‍ പങ്കില്ലെന്നും ദുരാനി കൂട്ടിച്ചേര്‍ത്തു.

മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പിടിയിലായ ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് പാക്ക് പൗരനാണെന്ന് മാധ്യമങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കിയതിനെ തുടര്‍ന്ന് സ്ഥാനം തെറിച്ചയാളാണ് ദുരാനി. ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സയീദിനെ കൊണ്ട് പാക്കിസ്ഥാന് യാതൊരു ഉപകാരവുമില്ല. അയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ദുരാനി ഒരു ചടങ്ങിനിടെ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-നാണ് തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തിയത്. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.

22 വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിൽ കഴിയുന്ന ജമാഅത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദിനെ കേസിൽ വിചാരണ ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കേസിൽ ഇന്ത്യക്കാരായ 24 സാക്ഷികളെ മൊഴി രേഖപ്പെടുത്താൻ അയക്കണമെന്ന പാക്കിസ്ഥാന്‍റെ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഇന്ത്യയുടെ ആവശ്യം. ജനുവരി 30 മുതൽ ഹാഫിസ് സയീദ് ലാഹോറിൽ വീട്ടുതടങ്കലിൽ ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook