/indian-express-malayalam/media/media_files/uploads/2018/07/headely-david.jpeg)
വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും അമേരിക്കന്‍ ഭീകരനുമായ ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് നേരെ ഷിക്കാഗോ ജയിലില്‍ സഹതടവുകാരുടെ ആക്രമണമെന്ന് റിപ്പോര്‍ട്ട്. രണ്ട് തടവുകാരുടെ മര്‍ദ്ദനമേറ്റ ഹെഡ്ലി ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ഇന്ത്യന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ എട്ടിന് ഷിക്കാഗോയിലെ മെട്രോപ്പൊലിറ്റൻ കറക്ഷനൽ സെന്ററിൽ വച്ചാണ് രണ്ടു തടവുകാർ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. 'ഇരട്ട ഏജന്റ്' ആയത് കൊണ്ടാണ് ഹെഡ്ലി ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക്കിസ്ഥാന് വേണ്ടിയും ഭീകരവാദികള്‍ക്ക് വേണ്ടിയും അദ്ദേഹം ഒരേസമയം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ൽ യുഎസ് ഫെഡറൽ കോടതി 35 വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. കുറ്റങ്ങൾ ഹെഡ്ലി സമ്മതിച്ചതിനാൽ ഇന്ത്യക്ക് കൈമാറില്ലെന്നും വധശിക്ഷ നൽകില്ലെന്നും പ്രോസിക്യൂഷൻ ഉറപ്പ് നൽകിയിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഹെഡ്ലി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാരെ ആക്രമിച്ചതിന് ജയിലിലായ സഹോദരങ്ങളാണ് അക്രമം നടത്തിയത്.
2008 നവംബർ 26നു 166 പേരുടെ മരണത്തിൽ കലാശിച്ച മുംബൈ ആക്രമണത്തിനുശേഷം 2009 ഒക്ടോബറില്‍ ഷിക്കാഗോ വിമാനത്താവളത്തില്‍ നിന്നാണ് ഹെഡ്ലിയെ പിടികൂടിയത്. യുഎസ് പൌരത്വമുള്ള പാക് ഭീകരനാണു ഹെഡ്ലി. ഭീകരാക്രണങ്ങള്‍ നടത്താന്‍ അല്‍ക്വയ്ദയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.